കേരളത്തിന് വൻ ആശ്വാസം; തമിഴ്‌നാട്ടിൽ നിന്നുള്ള ക്വാറി ഉൽപന്നങ്ങളുടെ കയറ്റുമതി നിരോധനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Big relief for Kerala; Madras High Court quashes ban on export of quarry products from Tamil Nadu

ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നുള്ള ക്വാറി ഉൽപന്നങ്ങൾ കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് തമിഴ്‌നാട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2011-ലെ നിയമത്തിൽ കഴിഞ്ഞ ജൂലൈയിൽ ഭേദഗതി വരുത്തി കൂട്ടിച്ചേർത്ത '3 എ' ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

പാറക്കല്ല്, മെറ്റൽ ജല്ലി, എംസാൻഡ് തുടങ്ങിയ നിർമാണ സാമഗ്രികളുടെ അന്തർസംസ്ഥാന നീക്കം തടഞ്ഞുകൊണ്ടുള്ള ചട്ടമാണ് കോടതി റദ്ദാക്കിയത്. ഇത്തരത്തിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജിയോളജി വകുപ്പ് ഡയറക്ടർക്ക് അധികാരമില്ലെന്നും, സാധുവായ ലൈസൻസോടെ ഖനനം ചെയ്യുന്ന ധാതുക്കളുടെ നീക്കം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 2027 ജനുവരി 25 വരെ നിരോധനം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു തമിഴ്‌നാട് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നത്.

തമിഴ്‌നാടിന്റെ നിരോധനം കേരളത്തിലെ നിർമാണ മേഖലയെയും ദേശീയപാതാ നിർമാണത്തെയും സാരമായി ബാധിച്ചിരുന്നു. നിയന്ത്രണം വന്നതോടെ തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ നിന്ന് നിർമാണ സാമഗ്രികളുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. വിഷയത്തിൽ ഇളവ് തേടി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ചിരുന്നു. വിഴിഞ്ഞം തുറമുഖം, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ എന്നിവയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ദക്ഷിണേന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമാണെന്നും, ഇവ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.ദേശീയപാതാ നിർമാണം ഉൾപ്പെടെ കേരളത്തിന്റെ ആകെ ആവശ്യത്തിനുള്ള 40 ശതമാനം കരിങ്കല്ലും തമിഴ്‌നാട്ടിൽ നിന്നാണ് എത്തുന്നത്. ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ നിർമാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കപ്പെടുമെന്നതിനാൽ കേരളത്തിലെ നിർമാണ മേഖലയ്ക്ക് ഇത് വലിയ ആശ്വാസമാകും.

Tags