സെന്‍സസ് വെബ്‌സൈറ്റില്‍ വന്‍ അബദ്ധം; അരുണാചലിലെ നഗരം ചൈനയുടേതായി രേഖപ്പെടുത്തി; വിവാദമായതോടെ തിരുത്തല്‍

arunachal

ഗുരുതരമായ പിഴവ് വിവാദമായതിന് പിന്നാലെ അധികൃതര്‍ തിരുത്തി. 

കേന്ദ്ര സര്‍ക്കാര്‍ 2027-ലെ സെന്‍സസ് നടപടികള്‍ക്കായി തയ്യാറാക്കിയ ഔദ്യോഗിക വെബ്‌സൈറ്റിലെ ഭൂപടത്തില്‍ അരുണാചല്‍ പ്രദേശിലെ പാസിഘട്ട് നഗരത്തെ ചൈനയുടെ ഭാഗമായി കാണിച്ചു. ഗുരുതരമായ പിഴവ് വിവാദമായതിന് പിന്നാലെ അധികൃതര്‍ തിരുത്തി. 

വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് നടപടിയുണ്ടായത്. പാസിഘട്ട് സ്വദേശിയും റിട്ടയര്‍ഡ് ഗ്രൂപ്പ് ക്യാപ്റ്റനുമായ മോഹന്തോ പാംഗിംഗ് പാഓ ആണ് ഈ അബദ്ധം ചൂണ്ടിക്കാട്ടിയത്. സെന്‍സസ് പോര്‍ട്ടലില്‍ സ്വന്തം വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ, തന്റെ ലൊക്കേഷന്‍ അരുണാചലിലെ പാസിഘട്ടിന് പകരം ചൈനയിലെ 'മെഡോഗ്' എന്ന നഗരമായാണ് കാണിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി.

ഔദ്യോഗിക സര്‍ക്കാര്‍ പോര്‍ട്ടലുകള്‍ പോലും നമ്മുടെ പ്രദേശങ്ങള്‍ ചൈനയ്ക്ക് വിട്ടുകൊടുക്കുകയാണോ?' എന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിലൂടെ ചോദിച്ചു. ഗൂഗിള്‍ മാപ്പ് സേവനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. വിഷയം വലിയ ചര്‍ച്ചയായതോടെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും സെന്‍സസ് കമ്മീഷണറും ഉടന്‍ ഇടപെട്ടു. ഭൂപട സേവനം നല്‍കുന്ന കമ്പനിയുമായി സംസാരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിഴവ് തിരുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സെന്‍സസ് ആണ് 2027-ലേക്ക് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 16 മുതല്‍ ഹൗസ്ലിസ്റ്റിംഗ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആളുകള്‍ക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. സാങ്കേതിക തകരാര്‍ മൂലമാണ് ഭൂപടത്തില്‍ തെറ്റായ പേര് വന്നതെന്നാണ് വിശദീകരണം.

Tags