ബംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നവംബര്‍ ഒന്നുമുതല്‍

vandhebharath

നവംബര്‍ ഒന്നുമുതല്‍ ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബംഗളൂരു: ബംഗളൂരുവിനും മുംബൈയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്കായി പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ പോകുന്നു. നവംബര്‍ ഒന്നുമുതല്‍ ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സര്‍വീസ് ആരംഭിച്ചാല്‍ 16 മണിക്കൂര്‍ കൊണ്ട് ബംഗളൂരുവില്‍ നിന്ന് മുംബൈയില്‍ എത്താന്‍ സാധിക്കും. ഇരു സ്‌റ്റേഷനുകളും തമ്മില്‍ 1118 കിലോമീറ്ററാണ് ദൂരം. നിലവില്‍ ഉദ്യാന്‍ എക്‌സ്പ്രസ് ഈ യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 22 മണിക്കൂര്‍ എടുക്കുന്നുണ്ട്. പുതിയ ട്രെയിന്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ഏകദേശം ആറ് മണിക്കൂര്‍ ലാഭിക്കാന്‍ കഴിയും.

കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ കടന്നുപോകുക. ബംഗളൂരുവില്‍ നിന്ന് വൈകുന്നേരം 7.50ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 11.55നാണ് മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ എത്തിച്ചേരുക.

മുംബൈയില്‍ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.55ന് ബംഗളൂരുവില്‍ എത്തും. അനന്തപൂര്‍, റായ്ച്ചൂര്‍, കലബുറഗി, സോലാപൂര്‍, പുനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാവാനാണ് സാധ്യത. കലബുറഗി വഴിയുള്ള റൂട്ടാണ് പരിഗണിക്കുന്നത്.

ട്രെയിനില്‍ 16 കോച്ചുകളാണ് ഉണ്ടാവുക. എസി തേര്‍ഡ് ക്ലാസ്, എസി സെക്കന്‍ഡ് ക്ലാസ്, എസി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഏകദേശം 823 ബെര്‍ത്തുകള്‍ ആണ് ക്രമീകരിക്കുക.

Tags