കാലാവധി കഴിഞ്ഞ പാൽ ഉൽപന്നങ്ങൾ, പഴകിയ ഇറച്ചിയും പച്ചക്കറിയും ; ബംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകൾക്ക് നോട്ടീസ്

Notices issued to star hotels in Bengaluru over expired dairy products and stale meat and vegetables.

 ബംഗളൂരു: നഗരത്തിലെ പ്രമുഖ സ്റ്റാർ ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി ഓഫിസർമാർ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു. പഴകിയ ഇറച്ചിയും പൂപ്പൽ ബാധിച്ച പച്ചക്കറിയും കാലാവധി കഴിഞ്ഞ പാൽ ഉൽപന്നങ്ങളുമാണ് കണ്ടെത്തിയത്. പലയിടത്തും വൃത്തിഹീനമായാണ് സൂക്ഷിച്ചിരുന്നത്. ചില ഭക്ഷ്യവസ്തുക്കളിൽ തെറ്റായ ലേബൽ പതിപ്പിച്ചിട്ടുമുണ്ട്. പിടിച്ചെടുത്തവ നശിപ്പിക്കുകയും ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

ലളിത് അശോക് ഹോട്ടലിൽ നിന്ന് പഴകിയ 76 കിലോ ഇറച്ചി, 200 കിലോ പച്ചക്കറി, 32 ലിറ്റർ കാലാവധി കഴിഞ്ഞ പാൽ എന്നിവയാണ് അധികൃതർ പിടിച്ചെടുത്തത്. ഷാങ്ഗ്രി-ലായിൽ നിന്ന് 15 കിലോയും ഫോർ സീസൺസ് ഹോട്ടലിൽ നിന്ന് 10 കിലോയും പഴകിയ ഇറച്ചി പിടിച്ചെടുത്തു.

വൈറ്റ്‌ഫീൽഡിലെ വിവന്ത ഹോട്ടലിൽ നിന്ന് കാലാവധി കഴിഞ്ഞ മൂന്ന് കിലോ ബേക്കറി ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. യശ്വന്ത്പുർ താജിൽ കണ്ടെത്തിയത് 72 കിലോ പഴകിയ ഇറച്ചിയും മീനും ആയിരുന്നു. റാഡിസൺ ബ്ലൂ (ദി അട്രിയ) ഹോട്ടലിൽ 50 കിലോ പഴകിയ കോഴിയിറച്ചി, 25 കിലോ ബീഫ്, 23 കിലോ മീൻ, ഏഴ് കിലോ പച്ചക്കറി എന്നിവ കണ്ടെത്തി.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി 30 ഫുഡ് സേഫ്റ്റി ഓഫിസർമാരുടെ സംഘമാണ് ബംഗളൂരുവിലെ 26 ത്രീ സ്റ്റാർ, ​ഫൈവ് സ്റ്റാർ ഹോട്ടലുകളിലായിരുന്നു പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ചിലയിടങ്ങളിൽ അടുക്കളയും ഭക്ഷണ സംഭരണ ​​കേന്ദ്രങ്ങളും വൃത്തിഹീനമായിരുന്നു. പച്ചക്കറിയും ഇറച്ചിയും പ്രത്യേകമായി സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തി. പരിശോധനക്കിടെ ശേഖരിച്ച തേയില, കോഴിയിറച്ചി, ആട്ടിറച്ചി, മീൻ, ഭക്ഷ്യ എണ്ണകൾ, മുളകുപൊടി, മഞ്ഞൾപ്പൊടി, തക്കാളി സോസ് തുടങ്ങിയവ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

വലിയ ഹോട്ടലുകൾ പരിശോധിച്ചാൽ മറ്റുള്ളവരും ജാഗ്രത പാലിക്കുമെന്ന് കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ കഴിഞ്ഞദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഫുഡ് സേഫ്റ്റി ഓഫിസർമാർ പരിശോധന നടത്തിയത്. ഒരു ഹോട്ടലും പരിശോധനയിൽ നിന്ന് ഒഴിവാക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിശോധനയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags