ബെംഗളൂരു കൂട്ടക്കൊല ; കൊലപാതകങ്ങള്‍ കണ്ടുനടുങ്ങിയ 11 കാരനെ കാറില്‍ നഗരം ചുറ്റിച്ചു ; പ്രതി ക്രൈംമാസിക ഉടമ
കുടുംബത്തില്‍ തന്റെ 17 കാരിയായ മകള്‍, ഭാര്യാ സഹോദരന്റെ 11 കാരനായ മകന്‍ എന്നിവരെ മാത്രമാണ് പ്രതിയായ ഇന്ദുശേഖര്‍ വെറുതെവിട്ടത്.
ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏഴുവയസ്സുള്ള കുട്ടിയുള്‍പ്പെടെ കുടുംബത്തിലെ ഏഴു പേരെ ടാക്‌സി ഡ്രൈവര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബത്തില്‍ തന്റെ 17 കാരിയായ മകള്‍, ഭാര്യാ സഹോദരന്റെ 11 കാരനായ മകന്‍ എന്നിവരെ മാത്രമാണ് പ്രതിയായ ഇന്ദുശേഖര്‍ വെറുതെവിട്ടത്.
ഒക്ടോബര്‍ 16നും 31 നും ഇടയിലായി ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാരായ ശിവകുമാര്‍, ശങ്കര്‍, അവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ ഏഴു വയസ്സുള്ള മകന്‍ പുനീത് എന്നിവരെയാണ് ഇന്ദുശേഖര്‍ കൊലപ്പെടുത്തിയത്. സുനിത ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ വീട്ടുകാര്‍ സുനിതയെ പിന്തുണയ്ക്കുന്നതുമാണ് ഇന്ദുശേഖറില്‍ വൈരാഗ്യമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.
താനവരതി എന്ന ക്രൈം മാസികയുടെ നടത്തിപ്പുകാരന്‍ കൂടിയാണ് രാജാജി നഗര്‍ സ്വദേശിയായ ഇന്ദുശേഖര്‍. നളിനിയെ കാണാനില്ലെന്നു കാട്ടി അവരുടെ അമ്മ തുംഗമ്മ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൂട്ടക്കൊലയിലേക്ക് വിരല്‍ചൂണ്ടിയത്. ആദ്യം സുനിതയെയാണ് ഇന്ദുശേഖര്‍ വകവരുത്തിയത്. അരകല്ലുപയോഗിച്ചു തലയ്ക്കടിച്ചുകൊന്ന ശേഷം മൃതദേഹം നന്ദി ഹില്‍സില്‍ ഉപേക്ഷിച്ചു. ഭാര്യ ടൂര്‍ പോയെന്ന് അയല്‍ക്കാരോട് കള്ളം പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശിവകുമാറിന്റെയും ശങ്കറിന്റെയും കുടുംബങ്ങളെ വിരുന്നിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി. ഇതിനായി 17 വയസ്സുള്ള മകളുടെ സഹായവും തേടിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ സ്വന്തം കാറില്‍ ശേഖര്‍ ഷിറാഡി ചുരം, മൈസൂരു ചാമുണ്ഡി ഹില്‍സ്, സേലത്തിന് സമീപം ഏര്‍ക്കാട് ചുരം എന്നിവിടങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു.
നളിനിയുടെ 11 വയസ്സുള്ള മകനെ ഇന്ദുഖര്‍ വെറുതെവിട്ടു. കൊലപാതകങ്ങള്‍ കണ്ടുനടുങ്ങിയ തന്നെ ശേഖര്‍ കാറില്‍ ദിവസം മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ കൊണ്ടുപോയെന്നും അന്ന് കാറില്‍ തന്നെയാണ് ഉറങ്ങിയതെന്നും ഈ കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യാത്രയ്ക്കിടെ പലയിടങ്ങളിലായി ചാക്കകെട്ടുകള്‍ ഉപേക്ഷിച്ചെന്നും പറഞ്ഞു.
.jpg)

