ഗെയിൽ പൈപ്ലൈൻ ചോർന്ന് ബംഗളൂരുവിലെ രണ്ടു വീടുകളിൽ തീപിടിത്തം

ബംഗളൂരു: ഗെയിൽ പൈപ്ലൈൻ ചോർന്ന് ബംഗളൂരുവിലെ രണ്ടു വീടുകളിൽ തീപിടിത്തം, രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് എച്ച്.എസ്.ആർ ലേഔട്ടിലെ രണ്ടു വീടുകളിലെ അടുക്കളയിൽ തീ ഉണ്ടായത്.
എച്ച്.എസ്.ആർ ലേഔട്ടിലെ സെവൻത് ഫേസിൽ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിന്‍റെ അഴുക്കുചാൽ പണികൾ നടന്നിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിനും 9.30നും ഇടയിലായിരുന്നു ഇത്. പണിക്കിടെയാണ് ഗെയിലിന്‍റെ വാതക വിതരണ പൈപ്പിന് കേടുപാട് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സംഭവം അധികൃതരോട് പറയാതെ തൊഴിലാളികൾ കേടുപാടുണ്ടായ പൈപ്പ് മണ്ണുകൊണ്ട് മൂടുകയായിരുന്നു. ഇതിനെ തുടർന്നാണ് വാതകം ചോർന്നതും അടുക്കളകളിൽ തീ ഉണ്ടായതും. പരിക്കേറ്റ സ്ത്രീകൾ ചികിത്സയിലാണ്. തീപിടിത്തത്തിൽ വീടുകളുടെ ജനലുകളടക്കം കത്തി. അകത്തെ സാമഗ്രികളും നശിച്ചിട്ടുണ്ട്. വിദഗ്ധസംഘം ചോർച്ച അടച്ചു. അഴുക്കുചാൽ പണി ഏറ്റെടുത്ത കരാറുകാരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.