ബെംഗളൂരു വ്യാജ കാന്‍സര്‍ മരുന്ന് തട്ടിപ്പ്; ഫാര്‍മസി ഉടമ അറസ്റ്റില്‍

Bengaluru fake cancer drug scam; Pharmacy owner arrested

മംഗളൂരു: ബെംഗളൂരുവിലെ വ്യാജ കാന്‍സര്‍ മരുന്ന് തട്ടിപ്പില്‍ ഫാര്‍മസി ഉടമ അറസ്റ്റിലായി. കൃപാ ഹെല്‍ത്ത് കെയര്‍ എന്ന ഫാര്‍മസിയുടെ ഉടമ വീരേഷ് കുമാര്‍ ജെയിനാണ് പിടിയിലായത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജെയിന്‍ ഫാര്‍മസി നടത്തിവരികയാണെന്നാണ് കണ്ടെത്തല്‍. ഈ ശൃംഖലയുടെ പ്രധാന കണ്ണി പ്രശാന്ത് എന്ന വ്യക്തിയാണെന്നാണ് പൊലീസിന്റെ നിഗമനം. ഒളിവില്‍ പോയ ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

തീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) ഉപയോഗിക്കുന്ന വ്യാജ കാൻസർ മരുന്നുകൾ, ജീവൻ രക്ഷാ മരുന്നുകൾ, കുത്തിവെപ്പുകൾ എന്നിവ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവക്ക് വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ബംഗളൂരുവിലെ 90 ലധികം ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്നുകൾ വിതരണം ചെയ്തിരിക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ട്.വ്യാജ മരുന്നുകൾ ലഭിച്ച എല്ലാ സ്ഥാപനങ്ങളെയും തിരിച്ചറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്ത ബാച്ച് നമ്പറുകളും രേഖകളും പരിശോധിച്ചുവരികയാണ്. ഈ വ്യാജ മരുന്ന് റാക്കറ്റിനെ തകർത്തത് കർണാടക സർക്കാരാണെന്നും രാജ്യം കണ്ട ഇത്തരത്തിലുള്ള ഏറ്റവും വലിയ നടപടികളിൽ ഒന്നാണിതെന്നും ആരോഗ്യമന്ത്രി യു.ടി. ഖാദർ പറഞ്ഞു

കഴിഞ്ഞ മാസം 18ന് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പും കർണാടക ഭക്ഷ്യസുരക്ഷാ-മരുന്ന് അഡ്മിനിസ്ട്രേഷനും ബിഡദി ടോൾ ഗേറ്റിന് സമീപമുള്ള ഫാംഹൗസിൽ റെയ്ഡ് നടത്തി അഞ്ചു കോടി രൂപ വിലമതിക്കുന്ന വ്യാജവും കാലഹരണപ്പെട്ടതുമായ മരുന്നുകൾ പിടിച്ചെടുത്തിരുന്നു.
സംസ്ഥാനാന്തരതലത്തിൽ പ്രവർത്തിക്കുന്ന ആശങ്കാജനകമായ വ്യാജമരുന്ന് ശൃംഖലയെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ശൃംഖല തെലങ്കാനയിലെയും ഹിമാചൽ പ്രദേശിലെയും ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് വിലകുറഞ്ഞ ബൾക്ക് മരുന്നുകൾ സംഭരിക്കുകയും ബിഡദിയിൽ നിന്ന് പുതിയ കുപ്പികളിലേക്ക് നിറക്കുകയുമാണ് ചെയ്യുന്നത്. വ്യാജ മരുന്നുകൾ മുൻനിര ബഹുരാഷ്ട്ര കമ്പനികളുടെ പ്രീമിയം ബ്രാൻഡുകളായി പുനർനാമകരണം ചെയ്താണ് വിപണനം നടത്തുന്നത്.

Tags