“ബംഗാളിലെ മണ്ണ് നുഴഞ്ഞുകയറ്റക്കാരുടെ കയ്യിലാണ്, മനുഷ്യർ ഭയത്തിന്റെ നിഴലിൽ” ; ആഞ്ഞടിച്ച് നരേന്ദ്ര മോദി

'Fasting is the secret to my health': Narendra Modi

 പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കവെ, മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തൃണമൂലിന്റെ ‘മാ മാതി മാനുഷ്’ എന്ന മുദ്രാവാക്യം പാർട്ടി തന്നെ വഞ്ചിച്ചുവെന്ന് പരിഹസിച്ച അദ്ദേഹം, ഇന്ന് ബംഗാളിൽ അമ്മമാർ കരയുകയാണെന്നും മണ്ണ് നുഴഞ്ഞുകയറ്റക്കാരുടെ കൈകളിലാണെന്നും മനുഷ്യർ ഭയത്തിന്റെ നിഴലിലാണെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ 15 വർഷത്തെ ഭരണത്തിൽ സംസ്ഥാനത്തെ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മോദിയുടെ രാഷ്ട്രീയ ആക്രമണം.

സംസ്ഥാനത്തെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ മമത സർക്കാർ പൂർണ്ണ പരാജയമാണെന്ന് മോദി ആരോപിച്ചു. ആർ ജി കർ മെഡിക്കൽ കോളേജ് സംഭവം, കാംദുനി കൂട്ടബലാത്സംഗം തുടങ്ങി ബംഗാളിനെ നടുക്കിയ നിരവധി അതിക്രമങ്ങൾ അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. മിക്ക കേസുകളിലും തൃണമൂൽ നേതാക്കൾക്കാണ് പങ്കെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാർ ഇരകളെയാണ് വേട്ടയാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മമതയുടെ കരുത്തായ സ്ത്രീ വോട്ട് ബാങ്കിനെ ലക്ഷ്യം വെച്ചുകൊണ്ട്, തൃണമൂൽ ഭരണത്തിൽ ബംഗാൾ അധഃപതിച്ചുവെന്നും ഇതിനെതിരെ ബംഗാളിലെ സഹോദരിമാർ പ്രതികരിക്കാൻ തയ്യാറെടുത്തു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ജൂൺ നാലിന് ഫലം പുറത്തുവരുന്നതോടെ ബംഗാളിലെ ഓരോ അക്രമിയും അഴിമതിക്കാരനും കണക്ക് പറയേണ്ടി വരുമെന്ന് മോദി മുന്നറിയിപ്പ് നൽകി. ഒന്നാം ഘട്ടത്തിൽ രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഏപ്രിൽ 29-ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, മമതയുടെ ജനപ്രിയ പദ്ധതികളായ ലക്ഷ്മിർ ഭണ്ഡാർ, കന്യാശ്രീ എന്നിവ ഉയർത്തുന്ന വെല്ലുവിളിയെ സന്ദേശ്ഖാലി ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉയർത്തിക്കാട്ടി മറികടക്കാനാണ് ബിജെപിയുടെ ശ്രമം. ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിലുള്ള പോരാട്ടം ഇപ്പോൾ അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുകയാണ്.

Tags