ബങ്കിപ്പൂരിലെ തോൽവി ; രാഷ്ട്രീയ സാഹചര്യം നേരിട്ട് വിലയിരുത്തി നരേന്ദ്ര മോദി
ന്യൂഡൽഹി: ബീഹാറിലെ ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ബി.ജെ.പി കോട്ട പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെ.ഡി.യു നേതാവ് നിതീഷ് കുമാർ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് തോൽവിയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും വിദ്യാർഥി പ്രക്ഷോഭവും തിരിച്ചടിയായെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥി - യുവജന പ്രതിഷേധങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. എൻ.ഡി.എയുടെ പ്രതിവാര യോഗത്തിൽ മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ മോദി നേരിട്ട് രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയായിരുന്നു. അതിന്റെ ഭാഗമായാണ് നിതീഷ് കുമാർ, ശിവരാജ് സിങ് ചൗഹാൻ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയതും. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ രാമക്ഷേത്ര കൊള്ള അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിൽ വലിയ ആശങ്കയാണ് ബി.ജെ.പിക്കുള്ളിൽ ഉയരുന്നത്.
ചൊവ്വാഴ്ച നടന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. ബങ്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേരിട്ട തിരിച്ചടിയും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയായെന്നാണ് സൂചന. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.
.jpg)

