ശൈഖ് ഹസീനയെ കൈമാറുന്നതിനായി ഇന്ത്യ യാതൊരുവിധ നിബന്ധനകളും മുന്നോട്ടുവെച്ചിട്ടില്ലെന്ന് ബംഗ്ലാദേശ്

hasina

 ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ കൈമാറുന്നതിനായി ഇന്ത്യ യാതൊരുവിധ നിബന്ധനകളും മുന്നോട്ടുവെച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. ഹസീനയെ തിരികെ അയക്കുന്നതിൽ ഇന്ത്യ ചില ഉറപ്പുകൾ തേടിയെന്ന തരത്തിൽ പുറത്തുവന്ന മാധ്യമ വാർത്തകൾ തള്ളിക്കളഞ്ഞാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഹസീനയെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധാക്ക അറിയിച്ചു.

2024 ആഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീനയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബംഗ്ലാദേശ് ശക്തമാക്കിയിട്ടുണ്ട്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ അസാന്നിധ്യത്തിൽ വിചാരണ നേരിട്ട ഹസീനക്ക് വധശിക്ഷയും ജീവപര്യന്തം തടവും വിധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ഏറ്റവും നിർണ്ണായക വിഷയമായി ഹസീനയുടെ തിരിച്ചെത്തിക്കുന്നത് മാറിയിരിക്കുകയാണ്.

തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബൈദ് ഇസ്ലാം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. നവംബർ 12ന് ബി.ബി.സി ബംഗ്ല പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഹസീനയെ കൈമാറാൻ ഇന്ത്യ രണ്ട് നിബന്ധനകൾ പരിഗണിക്കുന്നതായി അവകാശപ്പെട്ടിരുന്നത്. ബംഗ്ലാദേശ് സൈന്യത്തിന്റെ വിമാനത്തിലാണ് ഹസീന ഇന്ത്യയിലെത്തിയതെന്നതിനാൽ സൈന്യം തന്നെ അവരെ തിരികെ കൊണ്ടുപോകണമെന്നതായിരുന്നു ഒന്നാമത്തെ നിബന്ധന. വധശിക്ഷക്കെതിരെ അപ്പീൽ നൽകാൻ ഹസീനക്ക് അവസരം നൽകണമെന്നും, ജൂലൈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ പുനർവിചാരണ നടത്തണമെന്നുമായിരുന്നു രണ്ടാമത്തെ നിബന്ധനയായി റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

എന്നാൽ ഇത്തരം യാതൊരു ചർച്ചകളും ഇരുരാജ്യങ്ങളും തമ്മിൽ നടന്നിട്ടില്ലെന്ന് മന്ത്രി ഷാമ ഒബൈദ് ഇസ്ലാം തീർത്തുപറഞ്ഞു. ‘ഇക്കാര്യത്തിൽ ഇന്ത്യയുമായി ഞങ്ങൾ യാതൊരു സംഭാഷണവും നടത്തിയിട്ടില്ല. ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിക്ക് ആവർത്തിച്ച് കത്തുകൾ നൽകിയിട്ടുണ്ട്. നിലവിലുള്ള ഉടമ്പടി പ്രകാരം നടപടികൾ മുന്നോട്ട് പോകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ പ്രഥം ആലോ പത്രത്തിന് നൽകിയ പ്രതികരണത്തിൽ അവർ വ്യക്തമാക്കി.

വിദേശത്ത് കഴിയുന്ന ശിക്ഷിക്കപ്പെട്ട തടവുകാരിയെന്നാണ് ഹസീനയെ മന്ത്രി വിശേഷിപ്പിച്ചത്. അവരെ തിരികെ കൊണ്ടുവരുന്നതിനുള്ള നിയമപരമായ വഴികൾ നിയമമന്ത്രാലയം പരിശോധിച്ചുവരികയാണെന്നും, മറ്റ് പ്രതികളെപ്പോലെ തന്നെ ഉടമ്പടി പ്രകാരം ഹസീനയെ തിരികെ എത്തിച്ച് ശിക്ഷ നടപ്പാക്കാനാകുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യ അനുകൂലമായി പ്രതികരിച്ചാൽ അത് ബംഗ്ലാദേശിലെ ജനങ്ങൾക്കും സർക്കാരിനും കാര്യങ്ങൾ എളുപ്പമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹസീനയെ കൈമാറുന്നതിനുള്ള നിയമപരമായ എല്ലാ നടപടിക്രമങ്ങളും ബംഗ്ലാദേശ് പൂർത്തിയാക്കിയതായി നിയമമന്ത്രി എം.ഡി ആസാദുസ്സമാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇനി തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അപ്പീൽ നൽകാനുള്ള സമയപരിധി നീട്ടിനൽകാൻ ബംഗ്ലാദേശ് സുപ്രീംകോടതിക്ക് നിയമപരമായ വ്യവസ്ഥയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

15 വർഷം നീണ്ട അവാമി ലീഗ് ഭരണത്തിന് അന്ത്യം കുറിച്ച 2024 ആഗസ്റ്റ് അഞ്ചിലെ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ടത്. തുടർന്ന് 2025 നവംബറിൽ ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ പ്രക്ഷോഭകാരികളെ അടിച്ചമർത്തിയ കേസിൽ ഹസീന കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. അതേസമയം, ബംഗ്ലാദേശിന്റെ കൈമാറ്റ അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ഇന്ത്യ, ഇതൊരു നിയമപരമായ വിഷയമാണെന്നും നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നുമാണ് കഴിഞ്ഞ വെള്ളിയാഴ്ച പ്രതികരിച്ചത്.

ഇതിനിടെ, ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ തയാറെടുക്കുന്ന 79കാരിയായ ഹസീന, പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈകമ്മീഷനെ സമീപിച്ചത് വലിയ ചർച്ചയായിരുന്നു. എന്നാൽ കൈമാറ്റ നടപടികളിലൂടെ മാത്രമേ ഹസീനയുടെ മടക്കം സാധ്യമാകൂ എന്ന നിലപാടിലാണ് ബംഗ്ലാദേശ് സർക്കാർ.

Tags