ബാംഗ്ലൂർ യൂണിവേഴ്സിറ്റി ഇനി ഡോ. മൻമോഹൻ സിങ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി ; പേരുമാറ്റി കർണ്ണാടക സർക്കാർ


ബെംഗളൂരു: ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റിക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ പേരു നൽകി കർണ്ണാടക സർക്കാർ. 2025-26 സാമ്പത്തികവർഷത്തെ ബജറ്റ് അവതരണ വേളയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപനം നടത്തിയത്. ബാംഗ്ലൂർ യൂണിവേഴ്സിറ്റി ഇനി മുതൽ ഡോ. മൻമോഹൻ സിങ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്ന പേരിൽ അറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
സർവകലാശാലയെ രാജ്യത്തെ തന്നെ മാതൃകാ വിദ്യാഭ്യാസസ്ഥാപനമാക്കുന്നതിന് ഗവൺമെന്റ് ആർട്‌സ് കോളേജിനെയും ഗവൺമെന്റ് ആർ.സി. കോളേജിനെയും ഈ സർവകലാശാലയുടെ ഘടക കോളേജുകളാക്കും. ബജറ്റിൽ സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചും കൂടുതൽ പരാമർശങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയുണ്ടായി. പോഷകാഹാരങ്ങൾ രണ്ട് ദിവസത്തിൽ നിന്നും ആറ് ദിവസത്തിലേക്ക് നീട്ടിയത്, പ്രീ-പ്രൈമറി മുതൽ പിയു തലം വരെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, വനിതാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള സംരംഭങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.