ആൺകുഞ്ഞിന് 8 ലക്ഷം, പെൺകുഞ്ഞിന് 4 ലക്ഷം ; ഡൽഹിയിൽ നഴ്സിംഗ് ഹോമിന്റെ മറവിൽ വൻ മനുഷ്യക്കടത്ത്, സംഘത്തെ പിടികൂടി പോലീസ്
ഡൽഹിയിൽ നഴ്സിംഗ് ഹോമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ മനുഷ്യക്കടത്ത് സംഘത്തെ പോലീസ് പിടികൂടി. പലചരക്ക് കടയിൽ സാധനങ്ങൾ വിൽക്കുന്നതുപോലെ നവജാത ശിശുക്കൾക്ക് പ്രൈസ് ടാഗ് നൽകി വിൽപന നടത്തിയിരുന്ന ഞെട്ടിപ്പിക്കുന്ന രീതിയാണ് സംഘം പിന്തുടർന്നിരുന്നത്. നവജാത ശിശുക്കളെ രക്ഷിതാക്കളിൽ നിന്ന് ലക്ഷങ്ങൾ നൽകി വാങ്ങുകയും, കുട്ടികളില്ലാത്ത ദമ്പതികൾക്ക് വൻ തുകയ്ക്ക് മറിച്ചുവിൽക്കുകയുമാണ് ഇവർ ചെയ്തിരുന്നത്. പെൺകുട്ടികൾക്ക് മൂന്ന് മുതൽ നാല് ലക്ഷം വരെയും ആൺകുട്ടികൾക്ക് ആറ് മുതൽ എട്ട് ലക്ഷം രൂപ വരെയുമായിരുന്നു സംഘം വിലയിട്ടിരുന്നത്.
റോഹിണിയിലെ ബീഗംപൂരിലുള്ള ഹിരാസ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായിരുന്നു ഈ റാക്കറ്റിന്റെ കേന്ദ്രം. ആശുപത്രി ഉടമയായ ഡോ. വിവേകിയാണ് മനുഷ്യക്കടത്തിന്റെ സൂത്രധാരൻ. കുട്ടികളെ വിൽപന പൂർത്തിയാവുന്നത് വരെ ഈ ആശുപത്രിയിൽ സൂക്ഷിക്കുകയും, വ്യാജ ജനന സർട്ടിഫിക്കറ്റുകളും പ്രസവ രേഖകളും അടക്കം ഇവർ തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം 30 നവജാത ശിശുക്കളെയാണ് ഇവർ ഇത്തരത്തിൽ വിറ്റഴിച്ചത്.
പഹാർഗഞ്ചിൽ സംശയാസ്പദമായ രീതിയിൽ കണ്ട ജ്യോതി എന്ന കമലേഷ് എന്ന യുവതിയെ നിരീക്ഷിച്ചതാണ് പോലീസിന് കേസിന്റെ ചുരുളഴിക്കാൻ സഹായകമായത്. ദമ്പതികളെന്ന വ്യാജേന പോലീസ് യുവതിയെ സമീപിക്കുകയും, കുഞ്ഞിനെ കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നായി പ്രതികളെ പിടികൂടി. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അഞ്ച് കുഞ്ഞുങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇതിൽ അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുക്കളും ഉൾപ്പെടുന്നു. മധ്യപ്രദേശിലും ഹരിയാനയിലുമായിരുന്നു കുട്ടികളെ പ്രധാനമായും വിറ്റഴിച്ചിരുന്നത്.
.jpg)

