മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി കൊലക്കേസ് : പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതി
മുംബൈ: മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി കൊല്ലപ്പെട്ട കേസിൽ പ്രതിയായ അഖിലേന്ദ്ര പ്രതാപ് സിങ്ങിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. പ്രതിക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസിൽ വാദം പൂർത്തീകരിച്ച ശേഷം ജസ്റ്റിസ് ആർ.എം. ജോഷിയാണ് അപേക്ഷ തള്ളിയത്.
ഏപ്രിൽ 24ന് പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദമായ പകർപ്പ് ബുധനാഴ്ചയാണ് ലഭ്യമായത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (എം.സി.ഒ.സി.എ) പ്രകാരം ജാമ്യം ലഭിക്കുന്നതിനുള്ള കർശനമായ വ്യവസ്ഥകൾ പാലിക്കാൻ പ്രതിക്ക് സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിൽ പ്രതികൾക്ക് ഒളിത്താവളം ഒരുക്കി നൽകുന്നതിൽ അഖിലേന്ദ്ര സിങ്ങിന് പങ്കുണ്ടെന്ന് മറ്റൊരു പ്രതി നൽകിയ കുറ്റസമ്മത മൊഴി വ്യക്തമാണ്. എം.സി.ഒ.സി.എ സെക്ഷൻ 18 പ്രകാരം രേഖപ്പെടുത്തിയ ഇത്തരം മൊഴികൾ വിചാരണ വേളയിൽ തെളിവായി സ്വീകരിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അഖിലേന്ദ്ര സിങ്ങും മറ്റ് പ്രതികളും തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകൾ (സി.ഡി.ആർ) കോടതി പരിശോധിച്ചു. പ്രതികൾ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരായതിനാലാണ് പരസ്പരം ബന്ധപ്പെട്ടതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. കൂടാതെ പ്രതികളെ പിടികൂടിയത് ഒരുമിച്ചാണെന്നുള്ളത് പ്രധാന തെളിവായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. അഖിലേന്ദ്ര സിങ്ങിനെതിരെ പോക്സോ (POCSO) നിയമപ്രകാരം മറ്റൊരു കേസ് നിലവിലുണ്ട്. ജാമ്യത്തിൽ വിട്ടയച്ചാൽ പ്രതി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് വിശ്വസിക്കാൻ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി.
2024 ഒക്ടോബർ 12ന് ബാന്ദ്രയിലെ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫീസിന് പുറത്തുവെച്ചാണ് ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. കേസിൽ ഇതുവരെ 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ എം.സി.ഒ.സി.എ ഉൾപ്പെടെയുള്ള കടുത്ത നിയമങ്ങളാണ് ചുമത്തിയിരിക്കുന്നത്.
നേരത്തെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് അഖിലേന്ദ്ര സിങ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മഹേഷ് മ്യൂലെയും സിദ്ദിഖിയുടെ കുടുംബത്തിന് വേണ്ടി അഡ്വ. പ്രദീപ് ഘരാട്ടും കോടതിയിൽ ഹാജരായി. പ്രതിയുടെ പങ്ക് അതീവ ഗൗരവമുള്ളതാണെന്നും ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്നും കോടതി ഓർമ്മിപ്പിച്ചു.
.jpg)

