അയോധ്യ ക്ഷേത്ര ട്രസ്റ്റ് വരവുചെലവ് കണക്കുകൾ പുറത്ത്

ayodhya

 അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക വിവരങ്ങളും ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചകളും സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. 2020 മുതൽ ഇതുവരെ 3,264 കോടി രൂപയാണ് ട്രസ്റ്റിന് സംഭാവനയായി ലഭിച്ചത്. ഇതിൽ 2,370 കോടി രൂപ ക്ഷേത്ര നിർമ്മാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചതായി ട്രസ്റ്റ് ഖജാൻജി ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. കൂടാതെ, സ്വർണം, വെള്ളി എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള 2,926 അമൂല്യ വസ്തുക്കളും ട്രസ്റ്റിന്റെ കൈവശം സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്.

ഇതിനിടെ, ക്ഷേത്രത്തിലെ വിവിധ പരിപാടികൾക്കായി ചെലവഴിച്ച 124 കോടി രൂപയുടെ കണക്കുകൾ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധിക്കാൻ തുടങ്ങി. 2024-ലെ പ്രതിഷ്ഠാചടങ്ങ്, മഹാകുംഭമേള, 2025-ലെ കൊടിയേറ്റം തുടങ്ങിയ ചടങ്ങുകൾക്കായി ചെലവഴിച്ച തുകയിലാണ് പരിശോധന നടക്കുന്നത്. പ്രതിഷ്ഠാചടങ്ങിന് മാത്രമായി 113 കോടി രൂപയാണ് ചെലവായത്.

ക്ഷേത്രത്തിലെ വഴിപാടെണ്ണുന്ന കേന്ദ്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണവും പുരോഗമിക്കുകയാണ്. ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള കാലയളവിൽ 70 തവണ മോഷണം നടന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ നാർക്കോ അനാലിസിസിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയരാക്കാൻ പോലീസ് നീക്കം നടത്തുന്നുണ്ട്.

അതിനിടെ, ട്രസ്റ്റിൽ നിർണ്ണായകമായ അഴിച്ചുപണികളും നടന്നിട്ടുണ്ട്. ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ പദവികളിൽ നിന്ന് രാജിവെച്ചു. ഇരുവരും ട്രസ്റ്റ് അംഗങ്ങളായി തുടരുന്നുണ്ടെന്ന പ്രചാരണങ്ങളെ ട്രസ്റ്റ് ഔദ്യോഗികമായി നിഷേധിച്ചു. കൂടാതെ പ്രത്യേക ക്ഷണിതാവ് ഗോപാൽ നാഗരക്കട്ടയെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Tags