അയോധ്യ തട്ടിപ്പ് ; ക്ഷേത്രത്തിലെ സംഭാവന എണ്ണുന്ന ജീവനക്കാരിൽ പകുതിയോളം പേർ രാജിവെച്ചു
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന എണ്ണുന്ന ജീവനക്കാരിൽ പകുതിയോളം പേർ രാജിവെച്ചു. സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ക്ഷേത്ര ട്രസ്റ്റ് വഴിപാടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നീണ്ട ജോലിസമയവും കുറഞ്ഞ വേതനവും ചൂണ്ടിക്കാട്ടി ഇരുപതോളം ജീവനക്കാർ കരാർ ഏജൻസിക്ക് രാജി സമർപ്പിച്ചത്.
നേരത്തെ നാൽപ്പതോളം പേർ ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 15 മുതൽ 20 പേർ മാത്രമാണ് ഹാജരാകുന്നത്. രാജി വെച്ചവർക്ക് പകരം പുതിയ ജീവനക്കാരെ നിയമിക്കാൻ ട്രസ്റ്റ് നടപടി ആരംഭിച്ചിട്ടുണ്ട്. പുതുക്കിയ മാനദണ്ഡപ്രകാരം പണം കൈകാര്യം ചെയ്യാൻ പ്രത്യേക ജീവനക്കാരെ ചുമതലപ്പെടുത്തും. നേരത്തെ ഹൗസ് കീപ്പിങ് ജോലികൾക്കായി നിയമിച്ചവരെയും പണമെണ്ണാൻ നിയോഗിച്ചിരുന്നു, ഈ രീതിയാണ് ഇപ്പോൾ മാറ്റുന്നത്. ക്ഷേത്ര ഭരണകാര്യങ്ങളുടെ മേൽനോട്ടത്തിനായി സിഇഒയെ നിയമിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, അയോധ്യയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപ്തിയിലേക്ക് കടക്കുകയാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്ത പ്രതികളിൽ നിന്ന് ഓഹരി വിപണിയിലടക്കം വലിയ തോതിൽ പണം നിക്ഷേപിച്ചതിന്റെ രേഖകൾ പോലീസിന് ലഭിച്ചു. അനുകൽപ്പ് മിശ്ര, ലവ് കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരെ പോലീസ് വീടുകളിലും ബന്ധുവീടുകളിലുമെത്തിച്ച് തെളിവെടുത്തിരുന്നു.
സംഭാവനക്കൊള്ളയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് അനുകൽപ്പ് മിശ്രയാണെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളുമായി ബന്ധപ്പെട്ട മുപ്പതോളം ബാങ്ക് അക്കൗണ്ടുകൾ ഇതിനകം മരവിപ്പിച്ചു. താൻ ട്രസ്റ്റി അനിൽ മിശ്രയുമായി അടുപ്പമുള്ള ആളാണെന്നാണ് അനുകൽപ്പ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ തട്ടിപ്പിൽ അനിൽ മിശ്രയ്ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ജയിലിലുള്ള ടിന്നു യാദവ്, മനീഷ് കുമാർ, സൗരഭ് ശ്രീവാസ്തവ, രാമശങ്കർ മിശ്ര എന്നിവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.
.jpg)

