അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ ക്രമക്കേട് കേസ് : പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് എസ്‌ഐടി

ayodhya

 ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ ക്രമക്കേട് കേസിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇത് പ്രാഥമിക റിപ്പോർട്ടാണെന്നും തുടർന്നുള്ള അന്വേഷണം നടക്കാനുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. അടുത്ത 15 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പണ്ഡ് പറഞ്ഞു.

സംഭാവന ഫണ്ടും വിലപിടിപ്പുള്ള ഫണ്ടും പരിപാലിക്കുന്നവരുടെയും പണം എണ്ണുന്നവരുടെയും അത് ബാങ്കിലേക്ക് മാറ്റുന്നവരുടെയും പേരുകൾ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായി സ്രോതസിനെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭാവനകളുടെ മേൽനോട്ടവും കണക്കുകളും ബാങ്ക് ഇടപാടുകളും കൈകാര്യം ചെയ്യുന്നവരെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ സുപ്രീംകോടതി ഉടൻ ഇടപെടണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജിക്കാർ.

ശ്രീ റാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ഭരണത്തിലും പ്രവർത്തനത്തിലും ഉയർന്ന ആരോപണം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ക്ഷേത്രത്തിൽ നിയന്ത്രണ, മേൽനോട്ട, ഓഡിറ്റ് സംവിധാനങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും ട്രസ്റ്റിനും നിർദേശം നൽകി. ലക്ഷകണക്കിന് വരുന്ന ഭക്തരുടെ ആത്മവിശാസത്തെയും പൊതുതാത്പര്യത്തെയും സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ക്ഷേത്രത്തിൽ ഇത്തരത്തിലൊരു വലിയ ക്രമക്കേട് റിപ്പോർട്ട് ചെയ്യപ്പെട്ടത് അയോധ്യയിൽ ക്ഷേത്രം സ്ഥാപിക്കുന്നതിനായി തലമുറകളോളം കാത്തിരുന്നവരിൽ ആഴത്തിലുള്ള ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ ജൂൺ 13നാണ് യുപി സർക്കാർ ക്ഷേത്ര ട്രസ്റ്റിൽ നിന്നും ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സംഭാവനകളിലുണ്ടായ ക്രമക്കേട് അന്വേഷിക്കാനുള്ള ചുമതല ഏൽപ്പിച്ചത്. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ പന്ത്, ഇൻസ്പെക്ടർ ജനറൽ കിരൺ എസ്, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരടങ്ങുന്ന എസ്ഐടിയാണ് നിലവിൽ അന്വേഷണം നടത്തുന്നത്.

Tags