അയോധ‍്യ രാമക്ഷേത്ര കൊള്ള ; കാണിക്ക എണ്ണുന്ന മുറിയിൽ നിന്ന് ജീവനക്കാർ പണം ഒളിപ്പിച്ചത് വസ്ത്രത്തിനുള്ളിൽ ; എസ്.ഐ.ടി റിപ്പോർട്ട് പുറത്ത്

Ayodhya Ram temple donation scam; Accused reveals that stolen money was hidden inside temple toilet

 അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന മുറിയിൽ വ്യാപകമായ മോഷണം നടന്നതായി എസ്.ഐ.ടി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026 ഏപ്രിൽ 27 മുതൽ ജൂൺ അഞ്ച് വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ജീവനക്കാർ പണം വസ്ത്രത്തിനുള്ളിലും ഷൂസിലും ഒളിപ്പിക്കുന്ന 70-ഓളം സംഭവങ്ങൾ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് തുടർച്ചയായി നടന്ന മോഷണങ്ങളാണെന്ന് അന്വേഷണ സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്ര ട്രസ്റ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് തയ്യാറാക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും അവഗണിക്കപ്പെട്ടതാണ് ഇതിന് കാരണമായത്. ജീവനക്കാർക്ക് നിർബന്ധിത പരിശോധന നടത്തിയിരുന്നില്ലെന്നും, പോക്കറ്റില്ലാത്ത വസ്ത്രം ധരിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ, കാണിക്ക എണ്ണുന്ന മുറിയിലേക്ക് വ്യക്തിഗത സാധനങ്ങൾ കൊണ്ടുപോകാൻ ജീവനക്കാർക്ക് അനുവാദമുണ്ടായിരുന്നു.

മാസം 20,000 രൂപയിൽ താഴെ മാത്രം ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുകയുടെ നിക്ഷേപങ്ങൾ കണ്ടെത്തിയത് മോഷണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കർ മിശ്ര എന്നീ ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളിലെ അപാകതകൾ അറിഞ്ഞിട്ടും അത് പരിഹരിക്കാൻ തയ്യാറാകാതിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ട്രസ്റ്റ് ഭാരവാഹികളായിരുന്ന അനിൽ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നിവരുടെ വീഴ്ചകളാണ് മോഷണത്തിന് വഴിയൊരുക്കിയത്. ഈ വിവാദങ്ങളെത്തുടർന്ന് ചമ്പത് റായ് ഉൾപ്പെടെയുള്ളവർ രാജിവെച്ചിരുന്നു. അതേസമയം, രാമക്ഷേത്രത്തിൽ നിന്ന് വെള്ളി കട്ടികൾ കാണാതായെന്ന സോഷ്യൽ മീഡിയ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എസ്.ഐ.ടി വ്യക്തമാക്കി. പരിശോധനയിൽ വെള്ളി കാണിക്കകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ജൂലൈ 15-നുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

Tags