അയോധ്യ രാമക്ഷേത്ര കൊള്ള ; രാമക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിൽപ്പെടുത്തണമെന്ന് അമിത് ഷായോട് ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര കൊള്ളയുടെ വിവാദം കനക്കുന്നതിനിടെ ശ്രീരാമ ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്ന് ജോൺ ബ്രിട്ടാസ് എം.പി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ട്രസ്റ്റ് പബ്ലിക് അതോറിറ്റി അല്ലെന്നും വിവരാവകാശ നിയമത്തിൻ കീഴിൽ വരില്ലെന്നുമുള്ള നിലപാട് പുനഃപരിശോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
സ്വയംഭരണാധികാരമുള്ള സംഘടനയെന്ന് സർക്കാർ വിശേഷിപ്പിച്ചതുകൊണ്ടു മാത്രം അതിനെ വിവരാവകാശ നിയമത്തിൻറെ പരിധിക്ക് പുറത്തുനിർത്തുന്നത് ശരിയല്ല. സർക്കാർ അംഗീകൃത സ്‍കീമിന് കീഴിലാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. പാർലമെൻററി നിയമത്തിന് കീഴിൽ ഏറ്റെടുത്ത ഭൂമിയാണ് അതിനുള്ളത്. ഭരണപരമായ സംവിധാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരും സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾ സമാനതകളില്ലാത്ത വിധം വിശ്വാസം അർപ്പിച്ചിരിക്കുന്ന ട്രസ്റ്റുകൾ പൊതുജനങ്ങളോട് അങ്ങേയറ്റം ഉത്തരവാദിത്വവും സുതാര്യതയും പുലർത്തണം.
സുപ്രീംകോടതി 2019 ൽ പുറപ്പെടുവിച്ച അയോധ്യ വിധിയിലൂടെയാണ് സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെ ട്രസ്റ്റ് രൂപവത്കരിച്ച് ഭൂമി ഏറ്റെടുത്തതെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
.jpg)

