അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് : ട്രസ്റ്റ് ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവനാ തട്ടിപ്പിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവർക്ക് ക്ഷേത്ര ട്രസ്റ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ക്ഷേത്ര ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാനാണ് നിർദ്ദേശം. ഇതിനിടെ, കേസിൽ ചമ്പത്ത് റായിയെ എസ്‌ഐടി സംഘം ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കി. നേരത്തെ അനിൽ മിശ്രയെയും ഗോപാൽ റാവുവിനെയും ചോദ്യം ചെയ്തതിന്റെ തുടർച്ചയായാണിത്. അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
നേരത്തെ തന്നെ ട്രസ്റ്റ് പദവികളിൽ നിന്ന് രാജിവെച്ച ചമ്പത്ത് റായിക്കും അനിൽ മിശ്രയ്ക്കും തട്ടിപ്പിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക വിലയിരുത്തൽ. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അയോധ്യ ബാർ അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ എസ്ബിഐ അയോധ്യ ബ്രാഞ്ച് ചീഫ് മാനേജർ എ. രഘുറാം സാഗറിനെയും എസ്‌ഐടി ചോദ്യം ചെയ്തു. അനിൽ മിശ്രയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാൾ, ബാങ്കിന്റെയും ട്രസ്റ്റിന്റെയും ഇടയിലുള്ള ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നയാളാണ്. കൂടാതെ, വിഐപി ദർശനത്തിനായുള്ള പാസുകൾ കൈകാര്യം ചെയ്യുന്നതിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു.
സംഭാവന പണം എണ്ണാൻ നിയോഗിച്ച താൽക്കാലിക ജീവനക്കാരെ നൽകിയ സെക്യൂരിറ്റി ഏജൻസി നിലപാട് വ്യക്തമാക്കി. തങ്ങൾ നൽകിയ ജീവനക്കാർ ശുചീകരണ ജോലികൾക്കായി മാത്രമുള്ളവരാണെന്നും, സംഭാവന എണ്ണാൻ ഇവരെ ചുമതലപ്പെടുത്തിയത് ബാങ്കോ ട്രസ്റ്റോ ആണെന്നും ഏജൻസി അറിയിച്ചു. തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നും ഏജൻസി വ്യക്തമാക്കുന്നു.
ക്ഷേത്രത്തിൽ നിന്ന് പ്രതികൾ പണം മോഷ്ടിക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന്, പണം എണ്ണാൻ നിയോഗിക്കപ്പെട്ട അഞ്ച് ജീവനക്കാർ നോട്ടുകെട്ടുകൾ വസ്ത്രങ്ങൾക്കുള്ളിലും സോക്സുകളിലും ഒളിപ്പിച്ചു കടത്തുന്നത് വ്യക്തമായി കാണാം.
.jpg)

