അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ; അന്വേഷണം ശക്തമാക്കി പോലീസ്

Meat sale in Panchakoshi Parikrama area; Meat distribution banned within 15 km radius of Ayodhya

 അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവന തട്ടിയെടുത്ത് വൻ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. ബുധനാഴ്ച വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ലക്ഷക്കണക്കിന് രൂപയും സ്വർണവും വെള്ളിയും വിദേശ കറൻസികളും അന്വേഷണസംഘം പിടിച്ചെടുത്തു.

അയോധ്യയിലെ ഒരു യോഗകേന്ദ്രത്തിൽനിന്ന് പേടിഎം ക്യു.ആർ. കോഡ് പതിച്ച ‘രാമരാജ്യ കോശ്’ എന്ന ഭണ്ഡാരം പിടിച്ചെടുത്തു. കേസിലെ പ്രധാന പ്രതികളായ അവിനാഷ് ശുക്ല, കരുണേഷ് പാണ്ഡെ, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, രാമശങ്കർ മിശ്ര, രാമശങ്കർ യാദവ് എന്നിവരിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇതുവരെ കണ്ടെടുത്തത്. ഇതിനുപുറമെ, 11 ഗ്രാം സ്വർണം, 375 ഗ്രാം വെള്ളി, 1121 യു.എസ്. ഡോളർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ക്ഷേത്ര സമുച്ചയത്തിലെ 400-ഓളം സ്വകാര്യ സുരക്ഷാ ജീവനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവരെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) വീണ്ടും ചോദ്യം ചെയ്തു. അറസ്റ്റിലായവരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചനയെത്തുടർന്നാണ് നടപടി. സംഭാവന തട്ടിപ്പ് വിഷയം പുറത്തുവരുന്നതിന് മുൻപുതന്നെ ട്രസ്റ്റിന് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് ജൂലായ് 15 വരെ സമയം നീട്ടിനൽകി.

അതേസമയം, പ്രതികൾ തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന വാർത്ത സൈനിക് സെക്യൂരിറ്റി സർവീസസ് തള്ളി. ബാങ്കിന്റെ ആവശ്യപ്രകാരം ഹൗസ്‌കീപ്പിങ്ങിനായി 22 പേരെ നൽകുക മാത്രമാണ് ചെയ്തതെന്ന് സ്ഥാപന ഡയറക്ടർ ഗൗരവ് സിങ് വ്യക്തമാക്കി. ഇതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാമക്ഷേത്രം സന്ദർശിക്കാത്തതിനെ പരിഹസിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. അധികാരത്തിനും പണസമ്പാദനത്തിനുമുള്ള മാർഗമായി മാത്രമാണ് ബി.ജെ.പി രാമനെ കാണുന്നതെന്ന് കെജ്രിവാൾ ആരോപിച്ചു.

Tags