അയോധ്യയിൽ കോടികളുടെ സംഭാവന തട്ടിപ്പ് ; എട്ടുപേർക്കെതിരെ എഫ്ഐആർ
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് നിർണ്ണായക നടപടികളുമായി അന്വേഷണ സംഘം. ക്ഷേത്രത്തിലെ സംഭാവനകൾ കൈകാര്യം ചെയ്തിരുന്നവരുമായി ബന്ധപ്പെട്ട എട്ടുപേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. രാംശങ്കർ യാദവ്, മനീഷ് യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര, അവിനാശ് ശുക്ല എന്നിവർക്കും വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ സുഭാഷ് ശ്രീവാസ്തവയ്ക്കും എതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരെയെല്ലാം അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിൽ രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ക്ഷേത്രത്തിലേക്ക് ലഭിച്ച 3500 കോടി രൂപയ്ക്കു പുറമേയുള്ള സ്വർണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ കണക്കുകൾ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ, ജോലിയിൽ പ്രവേശിച്ച ശേഷം ഇവർ അയോധ്യയിലും ലഖ്‌നൗവിലും വലിയ തോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം, കേസിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ഡോ. അനിൽ മിശ്ര എന്നിവരുടെ പേരുകൾ എഫ്ഐആറിൽ ഉൾപ്പെട്ടിട്ടില്ല.
ഈ തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കിലും, ഹർജി ലിസ്റ്റ് ചെയ്തില്ലെങ്കിൽ തിങ്കളാഴ്ച വീണ്ടും പരാമർശിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
.jpg)

