ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ് ; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ashwini vaishnav

 ന്യൂഡൽഹി: രാജ്യത്തെ ആദ്യ അതിവേഗ റെയിലായ ബുള്ളറ്റ് ​ട്രെയിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം മുതൽ ഘട്ടംഘട്ടമായി സർവീസ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ നടന്ന ഹൈസിയ ജി.സി.സി.എസ് ആൻഡ് ഐ.ടി റൗണ്ട് പരിപാടിയിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

ആദ്യഘട്ടത്തിൽ ഗുജറാത്തിലെ സൂറത്ത് -ബിലിമോറ പാതയാണ് യാത്രക്കാർക്കായി തുറന്നുകൊടുക്കുക. ഇന്ത്യയിലെ അതിവേഗ റെയിൽ ഗതാഗതത്തിന്റെ പുതിയ അധ്യായത്തിന് ഇതോടെ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.

മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ഘട്ടംഘട്ടമായി മറ്റ് സെക്ഷനുകളും തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനോടകം 261 സ്റ്റേഷനുകൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിനെ വിവിധ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ സംബന്ധിച്ച സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഹൈദരാബാദിനെ പുണെ, ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ അതിവേഗ റെയിൽ ഇടനാഴികൾക്കായുള്ളതാണ് പദ്ധതികൾ. ഈ ഇടനാഴികൾ ഹൈദരാബാദിനെ ഒരു പ്രധാന അതിവേഗ റെയിൽ കേന്ദ്രമാക്കി മാറ്റുമെന്നും പടിഞ്ഞാറൻ, ദക്ഷിണേന്ത്യയിലുടനീളമുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു. 

Tags