ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ആരുമായും സഖ്യത്തിന് തയാർ ; അസദുദ്ദീൻ ഉവൈസി
ലഖ്നൗ : ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ആരുമായും സഖ്യത്തിന് തയാറാണെന്ന് അഖിലേന്ത്യാ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. എന്നാൽ, സഖ്യംചേരൽ കേവലം സീറ്റ് പങ്കുവെക്കലല്ലെന്നും തുല്യ പങ്കാളിത്തവും പരസ്പര ബഹുമാനവും ഉറപ്പാക്കുന്ന മുന്നണിയാണെങ്കിൽ മാത്രമേ സഹകരിക്കൂ എന്നും ഉവൈസി വ്യക്തമാക്കി. ലഖ്‌നൗവിൽ ഒരു പരിപാരിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തിരിച്ചുവരവ് തടയുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി പ്രതിപക്ഷ പാർട്ടികളുമായി കൈകോർക്കാൻ എ.ഐ.എം.ഐ.എം സന്നദ്ധമാണ്. എന്നാൽ മറ്റ് പാർട്ടികൾക്ക് വേണ്ടി ദാസ്യവേല ചെയ്യാൻ തങ്ങളെ കിട്ടില്ലെന്നും മാന്യമായ പദവിയും അധികാരത്തിൽ കൃത്യമായ പങ്കാളിത്തവും ഉറപ്പുനൽകിയാൽ മാത്രമേ സഖ്യത്തെക്കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിലെ 'ഇൻഡ്യ' സഖ്യവുമായി എ.ഐ.എം.ഐ.എം സഹകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഉവൈസിയുടെ ഈ നിർണായക പ്രതികരണം.
കഴിഞ്ഞ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ അപ്നാ ദൾ (കാമരവാദി) പാർട്ടിയുമായി ചേർന്നാണ് എ.ഐ.എം.ഐ.എം ഉത്തർപ്രദേശിൽ മത്സരിച്ചത്. മായാവതി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കുന്ന കാര്യവും എ.ഐ.എം.ഐ.എം പരിഗണിച്ചേക്കും. അതിനിടെ, നിലവിൽ സമാജ്‌വാദി പാർട്ടിയുടെ കൈവശമുള്ള മതേര നിയമസഭ മണ്ഡലത്തിലേക്ക് എ.ഐ.എം.ഐ.എം ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ ഷൗക്കത്ത് അലിയെ സ്ഥാനാർഥിയായി ഉവൈസി പ്രഖ്യാപിച്ചു.
.jpg)

