ബിജെപി വീണ്ടും ജനങ്ങളെ ചതിച്ചു : അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: രാജ്യസഭ എം പിമാരായ രാഘവ് ഛദ്ദയടക്കമുള്ളവർ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നതിൽ രൂക്ഷ വിമർശനവുമായി എ എ പി നേതൃത്വം. പഞ്ചാബിലെ ജനങ്ങളെ വീണ്ടും ബി ജെ പി ചതിച്ചെന്നാണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പ്രതികരിച്ചത്. എ എ പി എം പിമാരുടെ കൂടുമാറ്റത്തിൽ പഞ്ചാബിലെ ജനങ്ങളെ പിന്നിൽ നിന്ന് ബി ജെ പി കുത്തിയെന്നടക്കമുള്ള ഒരു വരി പ്രസ്താവനയിലൂടെയാണ് കെജ് രിവാൾ തന്റെ രോഷം പ്രകടിപ്പിച്ചത്. ഓപ്പറേഷൻ ലോട്ട്‌സ് ആണ് സംഭവിച്ചതെന്നാണ് രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് പ്രതികരിച്ചത്.
പാർട്ടിയെ ചതിച്ച ഏഴുപേർക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും സഞ്ജയ് സിങ് കൂട്ടിച്ചേർത്തു. അതേസമയം രാഘവ് ഛദ്ദക്കൊപ്പം എ എ പി രാജ്യസഭ എം പിമാരായ അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എ എ പി വിട്ട് ബി ജെ പിയിൽ എത്തുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. രാജ്യസഭയിലെ 10 എം പിമാരിൽ ഏഴുപേരും പാർട്ടി വിട്ടാൽ എം പി സ്ഥാനത്ത് നിന്ന് അയോഗ്യതയുണ്ടാകില്ലെന്നാണ് വാദം.
.jpg)

