അരവിന്ദ് കെജ്‌രിവാളിനും മകൾക്കും വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ടത് ബിഷ്ണോയി സംഘത്തിന്റെ പേരിൽ

Arvind Kejriwal and his daughter received death threats; Rs 7 crore demanded in the name of Bishnoi gang

ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും മകൾ ഹർഷിത കെജ്‌രിവാളിനും വധഭീഷണി. ഏഴ് കോടി രൂപ നൽകിയില്ലെങ്കിൽ ഇരുവരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശം. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാളാണ് പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്. ഡൽഹിയിലെ തിലക് നഗർ മണ്ഡലത്തിൽ നിന്നുള്ള ആം ആദ്മി പാർട്ടി എം.എൽ.എ ജർനൈൽ സിങ്ങിനാണ് ഭീഷണി ഫോൺ കോളും വാട്സ്ആപ്പ് സന്ദേശവും ലഭിച്ചത്. സംഭവത്തിൽ അദ്ദേഹം നവംബർ ആറിന് പഞ്ചാബിലെ മൊഹാലി പോലീസ് സീനിയർ സൂപ്രണ്ടിന് പരാതി നൽകി. വിദേശത്ത് ബന്ധമുള്ള ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് പരിചയപ്പെടുത്തിയ വിളിച്ചയാൾ ഏഴ് കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും (BNS) ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം മൊഹാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുനിൽ കുമാറിനാണ് അന്വേഷണച്ചുമതല. ഭീഷണി സന്ദേശം വന്ന ഫോൺ നമ്പറിന്റെ കോൾ റെക്കോർഡുകൾ, ഐ.പി ലോഗുകൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

കെജ്‌രിവാളിനും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ജർനൈൽ സിങ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2019-ൽ ഡൽഹി മുഖ്യമന്ത്രിയായിരിക്കെയും കെജ്‌രിവാളിന് നേരെ സമാനമായ രീതിയിൽ വധഭീഷണി ഉയർന്നിരുന്നു.

Tags