ട്രാൻസ്‌ജെൻഡർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വീടിനുള്ളിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ച കേസ് ; 28 കാരൻ അറസ്റ്റിൽ

arrest

 മുംബൈ : ട്രാൻസ്‌ജെൻഡർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വീടിനുള്ളിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിയെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അനിൽ ശേഷ്റാവു ഷിൻഡെ എന്ന യുവാവിനെയാണ് സംഭവം നടന്ന് മണിക്കൂറുകൾക്കകം പൊലീസ് പിടികൂടിയത്. മുംബൈയിലെ പൊവായിൽ ഓഗസ്റ്റ് 18-നായിരുന്നു നാടിനെ നടുക്കിയ സംഭവം.

ദൃഷ്ടിദോഷം മാറ്റാനെന്ന പേരിലാണ് സാരി ധരിച്ച് ട്രാൻസ്‌ജെൻഡർ വേഷത്തിൽ പ്രതി യുവതിയുടെ വീട്ടിലെത്തിയത്. വീടിനുള്ളിൽ പ്രവേശിച്ച ഇയാൾ നേരെ കിടപ്പുമുറിയിലേക്ക് പോവുകയും, യുവതിയെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊവായ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. സാരി ധരിച്ചെത്തിയ പ്രതി കൃത്യം നടത്തിയ ശേഷം ഒരു ഓട്ടോറിക്ഷയിൽ താനെയിലെ ഖാരേഗാവിലുള്ള ചേരി പ്രദേശത്തേക്ക് പോകുന്നതായി സി.സി.ടി.വിയിൽ നിന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് ഇവിടെയെത്തി നടത്തിയ പരിശോധനയിലാണ് അനിൽ പിടിയിലാകുന്നത്. ട്രാൻസ്‌ജെൻഡറായി അഭിനയിച്ചതിന് പുറമെ ഇയാൾ നഗരത്തിൽ യാചകനായും വേഷംമാറി നടന്നിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അപരിചിതരായ വ്യക്തികളെ ഒരു കാരണവശാലും വീടുകളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു. 

Tags