ഹരിയാനയിൽ അനധികൃത ഗർഭഛിദ്ര ക്ലിനിക് നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ
ഗുരുഗ്രാം : ഹരിയാനയിലെ ഗുരുഗ്രാമിൽ അനധികൃത ക്ലിനിക് നടത്തി ഗർഭഛിദ്രം നടത്തുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ 27കാരൻ കമൽ മഹതോയാണ് അറസ്റ്റിലായത്. ഇയാൾക്ക് അംഗീകൃത മെഡിക്കൽ ബിരുദം ഇല്ലെന്നും പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യതയെന്നും പൊലീസ് കണ്ടെത്തി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പും പൊലീസും ചേർന്ന് നടത്തിയ ഓപറേഷനിലൂടെയാണ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. ഗർഭിണിയായ യുവതിയെ രോഗിയെന്ന വ്യാജേന സംഘം ക്ലിനിക്കിലേക്ക് അയച്ചു. തുടർന്ന് ഇയാൾ 1,200 രൂപ വാങ്ങി ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് നൽകി അത് എങ്ങനെ ഉപയോഗിക്കണമെന്ന് യുവതിക്ക് വിശദീകരിച്ചു. ഇതോടെ ഉദ്യോഗസ്ഥർ ക്ലിനിക്കിൽ റെയ്ഡ് നടത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരിശോധനയിൽ ക്ലിനിക്കിൽ നിന്ന് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി കിറ്റുകൾ, മരുന്നുകൾ, കുത്തിവയ്പ്പുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. മരുന്നുകളുടെ വാങ്ങൽ, വിൽപ്പന, വിതരണം എന്നിവ സംബന്ധിച്ച രേഖകളൊന്നും ഇയാൾക്ക് ഹാജരാക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി.
ചോദ്യം ചെയ്യലിൽ താൻ പ്ലസ് ടു വരെ മാത്രമാണ് പഠിച്ചതെന്നും അംഗീകൃത മെഡിക്കൽ ബിരുദമോ ഡോക്ടറായി പ്രവർത്തിക്കാനുള്ള രജിസ്ട്രേഷനോ ഇല്ലെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾ നടത്തിയിരുന്ന കമൽ ക്ലിനിക്കും രജിസ്റ്റർ ചെയ്തിരുന്നില്ല. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നുള്ള കമൽ മഹ്തോയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. നിലവിൽ ഗുരുഗ്രാമിലെ ഘട്ട ഗ്രാമത്തിലാണ് ഇയാളുടെ താമസം. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.
.jpg)

