‘അറസ്റ്റ് ചെയ്യാതെ പിന്നെ ഉമ്മവെക്കുമോ’ : കവിതക്കെതിരെ വിവാദ പരാമർശവുമായി ബാൻഡി സഞ്ജയ്

bandi

ഹൈദരാബാദ്: ബി.ആർ.എസ് എം.എൽ.സി കെ.കവിതക്കെതിരെ മോശം പരാമർശവുമായി ബി.ജെ.പി തെലങ്കാന അധ്യക്ഷൻ ബാൻഡി സഞ്ജയ്. കവിതയെ ഇ.ഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു മോശം പരാമർശം. കവിതയെ ഇ.ഡി അറസ്റ്റ് ചെയ്യാതെ പിന്നെ ഉമ്മവെക്കുമോയെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ ചോദ്യം.

ഒരു സ്‍ത്രീക്കെതിരെ ഇത്തരം പരാമർശം നടത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധിച്ച ബി.ആർ.സി എം.എൽ.എ ദാനം നാഗേന്ദർ പറഞ്ഞു.ബി.ജെ.പി അധ്യക്ഷന് ഞങ്ങൾ മുന്നറയിപ്പ് നൽകുകയാണ്. ബി.ആർ.എസ് പാർട്ടി ഭയപ്പെട്ടുവെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ അത് തീർത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബാൻഡി സഞ്ജയിൽ നിന്നും ഉപാധികളില്ലാത്ത ക്ഷമാപണമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. വിവാദപരാമർശത്തിനെതിരെ ഹൈദരാബാദ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ബി.ജെ.പി അധ്യക്ഷന് ബുദ്ധിയില്ല. അദ്ദേഹത്തിന് ബുദ്ധിയുണ്ടാകാൻ ദൈവത്തോട് പ്രാർഥിക്കുമെന്നും ബി.ആർ.എസ് എം.എൽ.എ പറഞ്ഞു.

ഡൽഹി മദ്യനയ അഴിമതി കേസിൽ കഴിഞ്ഞ ദിവസമാണ് കെ.കവിത ഇ.ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായത്. ഏകദേശം ഒമ്പത് മണിക്കൂർ നേരം ഇ.ഡി കവിതയെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാവാൻ നോട്ടീസ് നൽകിയാണ് കവിതയെ വിട്ടയച്ചത്.

Share this story