അഗ്നിവീറുകളുടെ വിവാഹ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ സൈന്യം ആലോചിക്കുന്നു

Army considering easing marriage restrictions for fire fighters

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന അഗ്നിവീറുകളുടെ വിവാഹവുമായി ബന്ധപ്പെട്ട നിയന്ത്രണത്തിൽ ഇളവു വരുത്താനൊരുങ്ങി സൈന്യം. അടുത്തിടെയാണ് അഗ്നിവീറുകളുടെ സേവന കാലാവധി നാല് വർഷത്തിൽ നിന്ന് ആറു വർഷമായി കേന്ദ്ര സർക്കാർ ഉയർത്തിയത്. ഇതിനു മുൻപ് നാലു വർഷത്തെ സേവന കാലാവധിക്കുള്ളിൽ വിവാഹം കഴിക്കാൻ പാടില്ലെന്നായിരുന്നു നിലവിലെ നിയമം.

അഗ്നിപഥ് പദ്ധതി നവീകരിച്ച് സേവന കാലാവധി ആറു വർഷമാക്കി ഉയർത്തുമ്പോൾ, ആറു വർഷത്തോളം വിവാഹത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. നിലവിൽ 17.5 വയസ്സു മുതൽ 21 വയസ്സു വരെയുള്ളവരെയാണ് അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്നത്. സേവന കാലാവധിയായ ആറു വർഷത്തേക്ക് വിവാഹ നിരോധനം തുടർന്നാൽ ഭൂരിഭാഗം പേരും ഇരുപതുകളുടെ മധ്യത്തിൽ എത്തുമ്പോഴും അവിവാഹിതരായി തുടരേണ്ടി വരും. റിക്രൂട്ട് ചെയ്യുന്ന അഗ്നിവീറുകളുടെ ശ്രദ്ധ സൈനിക പരിശീലനത്തിലും അച്ചടക്കത്തിലും മാത്രം കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് മുൻപ് വിവാഹത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ അച്ചടക്കം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം സൈന്യത്തിന്റെ പരിഗണനയിലാണ്.

Tags