മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തി സായുധ സംഘം ; അര കോടിയിലധികം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു
നാട്ടുകാരോ ദൃക്സാക്ഷികളോ തടയാതിരിക്കാനായി ആകാശത്തേക്ക് വെടിവച്ചുകൊണ്ടാണ് സംഘം മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടത്.
മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തി സായുധ സംഘം. പാല്‍ഘറിലെ ദാഹനുവിലാണ് തോക്കുമായെത്തിയ മൂന്നംഗ സംഘം അര കോടിയിലധികം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും മുഖം മറയ്ക്കുന്ന മാസ്‌കുമായാണ് മൂന്നംഗ സായുധ സംഘം പാല്‍ഘറിലെ ലക്ഷ്മി ജ്വല്ലേഴ്‌സിലേക്ക് ഇരച്ചെത്തിയത്. നാടന്‍ തോക്ക് ഉപയോഗിച്ച് കടയിലുണ്ടായിരുന്നവരെ വിരട്ടി ലക്ഷങ്ങളുടെ സ്വര്‍ണം ഇവര്‍ കവരുകയായിരുന്നു.
മോഷണത്തിന് പിന്നാലെ ജ്വല്ലറിയില്‍ ഭീതി പടര്‍ത്തുന്നതിനായി ഇവര്‍ നിരവധി തവണ നിറയൊഴിക്കുകയും ചെയ്തു. മോട്ടോര്‍ സൈക്കിളിലാണ് സായുധ സംഘം ജ്വല്ലറിയിലേക്ക് എത്തിയത്. നാടന്‍ തോക്കുകളും റൈഫിളുകളും കൈയ്യിലേന്തി പരസ്യമായി ജനമധ്യത്തിലൂടെ ഇവര്‍ കവര്‍ച്ചാമുതലുകള്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി നടന്നുപോകുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. നാട്ടുകാരോ ദൃക്സാക്ഷികളോ തടയാതിരിക്കാനായി ആകാശത്തേക്ക് വെടിവച്ചുകൊണ്ടാണ് സംഘം മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടത്.
.jpg)

