'യുപിയില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഹിന്ദുക്കള്‍ പാകിസ്താനികളാണോ?': പരിഹസിച്ച് ഫറൂഖ് അബ്ദുള്ള

FarooqAbdullah

നിരന്തരമായി മുസ്ലിങ്ങളെ പാകിസ്താനികള്‍ എന്ന് വിളിച്ച് അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്.

ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഹിന്ദുക്കള്‍ പാകിസ്താനികളാണോ എന്ന് പരിഹസിച്ച് നാഷണല്‍ കോണ്‍ഫന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള. നുഴഞ്ഞുകയറ്റകാരെ നീക്കം ചെയ്യാനാണ് എസ്‌ഐഐആര്‍ എന്നുളള ഇലക്ഷന്‍ കമ്മീഷന്റെ വാദത്തെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു. നിരന്തരമായി മുസ്ലിങ്ങളെ പാകിസ്താനികള്‍ എന്ന് വിളിച്ച് അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. തങ്ങളുടെ സമുദായത്തില്‍ ഉളളവരും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യ സഖ്യത്തിന്റെ മഹാറാലിക്ക് പിന്നാലെ രാംലീല മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ ഈ രാജ്യത്ത് തന്നെ ജീവിച്ച് ഇവിടം ശക്തിപ്പെടുത്തും. കണക്കുകള്‍ പ്രകാരം യുപിയില്‍ ഒന്നരക്കോടിയില്‍ അധികം വരുന്ന ജനങ്ങളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയിട്ടുണ്ട്. അവരും പാകിസ്താനികള്‍ ആണോ എന്നും വോട്ട് ചോരി ആരോപിച്ചുകൊണ്ട് എത്ര നാള്‍ ഇങ്ങനെ ന്യായീകരിക്കും എന്നും അദ്ദേഹം ചോദിച്ചു.

എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും ഇന്ത്യക്കാരാണ്. ഈ രാജ്യത്തെ ഭരണഘടനാ പ്രകാരം എല്ലാവര്‍ക്കും ഒരേ അവകാശങ്ങളാണ്. ഇത് അംബേദ്കറുടെ ഭരണഘടനയാണ്. ഇവിടെ എല്ലാവരും ഒരുപോലെയാണ്. എല്ലാവര്‍ക്കും ഒരേ വോട്ടവകാശമാണ്. ഒരു ഇന്ത്യകാരന് പോലും വോട്ടവകാശം നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് നാം ഉറപ്പ് വരുത്തണമെന്നും ഫറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഒരുമയെ സംരക്ഷിക്കാനുള്ള അധികാരം ജനങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ ഭയപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. പീപ്പിള്‍സ് ഡേമോക്രാറ്റിക്ക് പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും ജനസാഗരത്തെ അഭിസംബോധന ചെയ്തിരുന്നു.

ഇത്രയും ജനങ്ങളെ കാണുമ്പോള്‍, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാണെന്ന് മനസിലാകുന്നു. ഇതോടെ രാജ്യത്തിന്റെ അവസ്ഥ മാറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ അതില്‍ മാറ്റമുണ്ടായില്ലെങ്കില്‍ അത് ഒരുപാട് വൈകുമെന്നും മുഫ്തി പറഞ്ഞു.

Tags