അരാവലി മലനിരകളിൽ ഒരിഞ്ച് പോലും ഖനനം അനുവദിക്കില്ല : സുപ്രീം കോടതി

Protests against the abandonment of the Aravalli Hills for mining are spreading

 അരാവലി മലനിരകളുടെ അതിർത്തി നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിധി സ്റ്റേ ചെയ്ത് അഞ്ച് മാസങ്ങൾക്ക് ശേഷം, സുപ്രീം കോടതി മറ്റൊരു നിർണ്ണായക നിലപാട് വ്യക്തമാക്കി. കോടതി തന്നെ രൂപീകരിക്കുന്ന ഒരു വിദഗ്ദ്ധ സമിതി 'മലനിരകൾ' എന്താണെന്ന് വീണ്ടും ശാസ്ത്രീയമായി നിർവ്വചിക്കുന്നത് വരെ അവിടെ ഒരിഞ്ച് പോലും ഖനനം അനുവദിക്കില്ലെന്ന് കോടതി കർശനമായി പ്രഖ്യാപിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ശക്തമായ ഖനന ലോബിയാണ് ഈ പ്രശ്നങ്ങൾക്ക് പിന്നിലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പരിസ്ഥിതിക്ക് സംരക്ഷണം ഉറപ്പാക്കുന്ന സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ യാതൊരുവിധ ഖനന പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് കോടതി ഉറപ്പിച്ചു പറഞ്ഞു.

കഴിഞ്ഞ വർഷം നവംബർ 20-ന്, സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ ഉയരമുള്ള പ്രദേശങ്ങളെ മാത്രം അരാവലി മലനിരകളായി കണക്കാക്കാം എന്നൊരു വിവാദ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകർ ശക്തമായ ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് ഡിസംബർ 29-ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്വമേധയാ കേസെടുക്കുകയും ആ വിധി താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തു.

അരാവലി മലനിരകളുടെ ഘടനയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി ഒരു ശാസ്ത്രീയ നിർവ്വചനം കൊണ്ടുവരാൻ കോടതി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുയം ഇതിനായി കേന്ദ്ര സർക്കാരും അമിക്സ് ക്യൂറി കെ. പരമേശ്വരനും വിദഗ്ദ്ധരുടെ പേരുകൾ അടങ്ങിയ പട്ടിക കോടതിക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ പുതിയ ഖനന ലൈസൻസുകൾ നൽകാനോ പഴയവ പുതുക്കാനോ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്.

Tags