മണിപ്പൂരില്‍ വീണ്ടും ആക്രമണം; രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

manipur

ആയുധ ധാരികളായ സംഘം ആക്രണം അഴിച്ചു വിടുകയായിരുന്നു എന്നാണ് വിവരം

മണിപ്പൂരില്‍ വീണ്ടും ആക്രണം നടന്നതായി റിപ്പോര്‍ട്ട്. തമെങ്‌ലോങ് ജില്ലയില്‍ ഉണ്ടായ രണ്ട് ആക്രമണങ്ങളിലാണ് 4 പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. കുക്കി വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയുധ ധാരികളായ സംഘം ആക്രണം അഴിച്ചു വിടുകയായിരുന്നു എന്നാണ് വിവരം. അധികൃതര്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സംഭവത്തില്‍ ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

തമെങ്‌ലോങ് ജില്ലയിലെ ടോല്ലെന്‍ ഗ്രാമത്തില്‍ പുലര്‍ച്ചെയുണ്ടായ ആദ്യ ആക്രമണത്തില്‍ സെനെ സിങ്‌സിറ്റ് എന്നയാളും ഭാര്യ ലിങ്‌സംഗായിയുമാണ് കൊല്ലപ്പെട്ടത്. സ്ത്രീ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇവരുടെ ആറ് വയസ്സുള്ള മകന് പരിക്കേറ്റതായും കുക്കി-സോ സംഘടനകള്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ ഇപ്പോഴും ഒരു വെടിയുണ്ട തറച്ചിരിക്കുന്നതായാണ് വിവരം. ഇത് സംഭവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന രണ്ടാമത്തെ ആക്രമണത്തില്‍ നോണി ജില്ലയിലെ ലോങ്പി ഗ്രാമത്തില്‍ അരി കൊണ്ടുപോകുകയായിരുന്ന മൂന്നുപേരാണ് ആക്രമിക്കപ്പെട്ടത്. ഇവരില്‍ ജൂലി ഗാംഗ്‌ടെ, താംഗ്രോല്‍ ഗാംഗ്‌ടെ എന്നിവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. ഇതേ സംഘത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ തട്ടിക്കൊണ്ടുപോയതായും സംശയിക്കുന്നു എന്നാണ് കുക്കി-സോ സംഘടനകള്‍ നല്‍കുന്ന വിവരം.

നാഗ വിമത ഗ്രൂപ്പുകളിലെ അംഗങ്ങളാണ് ആക്രമണങ്ങള്‍ നടത്തിയതെന്നാണ് കുക്കി-സോ സംഘടനകള്‍ ആരോപിക്കുന്നത്.

Tags