തമിഴ്നാട് മുഖ്യമന്ത്രി വിജയിക്ക് എതിരെ അപകീർത്തി പരാമർശം ; ഡി.എം.കെ എം.എൽ.എ അനിത ആർ. രാധാകൃഷ്ണൻ അറസ്റ്റിൽ, മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈകോടതി

anatharamakrishnan

 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ സി. ജോസഫ് വിജയിക്ക് എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കേസിൽ ഡി.എം.കെ എം.എൽ.എയും മുൻ മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണൻ അറസ്റ്റിൽ. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈകോടതി തള്ളിയതിന് പിന്നാലെയായിരുന്നു തമിഴ്നാട് പൊലീസ് അ​​ദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ജൂൺ 20ന് തിരുച്ചെന്തൂരിന് സമീപമുള്ള ആത്തൂർ പ്രദേശത്ത് നടന്ന ഒരു പൊതുയോഗത്തിലായിരുന്നു എം.എൽ.എയുടെ വിവാദ പരാമർശം. യോഗത്തിൽ മുഖ്യമന്ത്രി വിജയിക്കെതിരെ അപകീർത്തികരവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. വിജയ് യുടെ സിനിമാ അഭിനയത്തെയും വേഷങ്ങളെയും സിനിമാ മേഖലയിൽനിന്ന് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തെയും പരാമർശിച്ചായിരുന്നു രാധാകൃഷ്ണന്റെ പരിഹാസം.

തുടർന്ന് ടി.വി​.കെ ആത്തൂരിലെ നേതാവിന്റെ പരാതിയിൽ ജൂൺ 23ന് ആത്തൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അറസ്റ്റിന് മുമ്പ് മുൻകൂർ ജാമ്യം തേടി രാധാകൃഷ്ണൻ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈകോടതി അപേക്ഷ തള്ളുകയായിരുന്നു. ഹൈകോടതി ഉത്തരവിന് പിന്നാലെ, തൂത്തുക്കുടി ജില്ലയിലെ ആത്തൂർ ടൗൺ പഞ്ചായത്ത് ഓഫീസിലായിരുന്ന രാധാകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് അദ്ദേഹത്തെ തൂത്തുക്കുടി ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. 

Tags