'ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നത് തെറ്റല്ല' : സുപ്രീംകോടതി

kannur vc placement  supreme court

ന്യൂഡൽഹി: മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ഭക്ഷണത്തിന് വേണ്ടി ലബോറട്ടറികളിൽ ഉൽപ്പാദിപ്പിക്കുന്ന മാംസത്തിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ട ശേഷം ഹരജി പിൻവലിക്കാൻ അനുവാദം നൽകുകയായിരുന്നു.

മൃഗങ്ങൾക്കെതിരായ അതിക്രമം നിരോധിക്കുന്ന നിയമം മൃഗങ്ങളെ ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നത് അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള നിയമനിർമാണത്തിന് വിരുദ്ധമായ ഒരു നയം എങ്ങനെ സ്വീകരിക്കാനാകുമെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു.

'മൃഗങ്ങളോട് ഒരു ക്രൂരതയും പാടില്ലെന്നാണ് നിങ്ങൾ പറയുന്നത്. ഇത് മൃഗങ്ങൾക്കെതിരായ അതിക്രമം നിരോധിക്കുന്ന നിയമത്തിലാണ് വരുന്നത്. എന്നാൽ, ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നത് ഈ നിയമം അനുവദിക്കുന്നുണ്ട്. അപ്പോൾ നിങ്ങൾ കോടതിയോട് എന്താണ് ചോദിക്കുന്നത്? നിലവിലുള്ള നിയമത്തിനെതിരെ സർക്കാർ ഒരു നയം സ്വീകരിക്കണമെന്നാണോ? ഏകപക്ഷീയമോ ഭരണഘടനാ വിരുദ്ധമോ മൗലികാവകാശങ്ങൾക്ക് വിരുദ്ധമോ ആണെങ്കിൽ മാത്രമേ നിയമത്തെ ചോദ്യം ചെയ്യാനാകൂ' -കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്തെ മാംസം ഭക്ഷിക്കുന്ന വലിയ ജനവിഭാഗത്തെ പരിഗണിക്കുമ്പോൾ മാംസഭക്ഷണം നിരോധിക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. എന്നാൽ, നിരോധിക്കണമെന്ന ആവശ്യമല്ല ഉയർത്തുന്നതെന്നും ലാബിൽ നിർമിക്കുന്ന മാംസം പോലെ ബദൽ മാർഗങ്ങൾ തേടണമെന്നാണ് ആവശ്യമെന്നും ഹരജിക്കാരൻ പറഞ്ഞു.

ആർട്ടിക്കിൾ 32 പ്രകാരം ഹരജി നൽകാൻ വിഷയം ആരുടെ മൗലികാവകാശത്തെയാണ് ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. ഹരജി പിൻവലിക്കാൻ നിർദേശിക്കുന്നതായും കോടതി വ്യക്തമാക്കി.

Share this story