ആന്ധ്രാപ്രദേശിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു ; 14 പേർക്ക് ദാരുണാന്ത്യം

Bus and lorry collide in Andhra Pradesh, catches fire; 14 people die tragically

 അമരാവതി: ആന്ധ്രാപ്രദേശിലെ മർക്കപുരം ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ 14 മരണം. സ്വകാര്യ ട്രാവൽസ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ പലരും ബസിനുള്ളിൽ കുടുങ്ങി വെന്തുമരിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ ഏകദേശം ആറ് മണിയോടെ മർക്കപുരം ജില്ലയിലെ റായവരം മേഖലയിലാണ് സംഭവം.

തെലങ്കാനയിലെ നിർമലിൽ നിന്ന് ആന്ധ്രയിലെ നെല്ലൂരിലേക്ക് പോവുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസ് എന്ന സ്വകാര്യ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ബസുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് രണ്ട് വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം പടരാൻ കാരണമായതെന്ന് കരുതപ്പെടുന്നു.

പുലർച്ചെ ആറ് മണിയോടെ നടന്ന അപകടമായതിനാൽ ബസിലെ ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. പെട്ടെന്നുണ്ടായ തീപിടിത്തവും പുകയും കാരണം പലർക്കും പുറത്തുകടക്കാൻ സാധിച്ചില്ല. ബസിന്റെ എമർജൻസി എക്സിറ്റ് വഴിയാണ് കുറച്ചുപേരെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട 18 ഓളം പേരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണെന്ന് മർക്കപുരം ഡി.എ.സ്പി നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ ആശങ്കപ്പെടുന്നു. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിപ്പോയതിനാൽ ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വേണ്ടി വന്നേക്കാം. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അറിയാൻ ജില്ലാ ഭരണകൂടം പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

അപകടത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തീവ്രദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ച അദ്ദേഹം, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം ഉത്തരവിട്ടു. ഐ.ടി മന്ത്രി നാരാ ലോകേഷും സംഭവത്തിൽ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

Tags