അഞ്ചും രണ്ടും വയസുള്ള മക്കളുടെ മുന്നില്‍ വെച്ച് എട്ട് മാസം ഗർഭിണിയായ ഭാര്യയെ മദ്യപാനിയായ ഭർത്താവ് അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി
സംശയരോഗിയായ ഹനീഫ് നേരത്തെയും മനീഷയെ ക്രൂരമായി മർദ്ദിച്ചിരുന്നതായി യുവതിയുടെ സഹോദരൻ നസീം മൻസൂരി പറഞ്ഞു.
ഉത്തർപ്രദേശിലെ മഹോബയില്‍ എട്ട് മാസം ഗർഭിണിയായ ഭാര്യയെ അഞ്ചും രണ്ടും വയസുള്ള മക്കളുടെ മുന്നില്‍ വെച്ച് മദ്യപാനിയായ ഭർത്താവ് അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി.മഹോബയിലെ പൻവാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ബിജ്രാരീ ഗ്രാമത്തിലാണ് സംഭവം..സംശയരോഗിയായ ഹനീഫ് നേരത്തെയും മനീഷയെ ക്രൂരമായി മർദ്ദിച്ചിരുന്നതായി യുവതിയുടെ സഹോദരൻ നസീം മൻസൂരി പറഞ്ഞു.
മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ ഹനീഫ് മൻസൂരിയാണ് ഭാര്യ മനീഷയെ കൊലപ്പെടുത്തിയത്. കൈവശമുണ്ടായിരുന്ന ഭൂരിഭാഗം ഭൂമിയും ഹനീഫ് ഇതിനകം വിറ്റുതീർത്തിരുന്നു.
ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഹനീഫിനെ വീണ്ടും മദ്യപിക്കുന്നതില്‍ നിന്ന് മനീഷ തടയാൻ ശ്രമിച്ചു.ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ക്ഷുഭിതനായ ഹനീഫ് വീട്ടിലുണ്ടായിരുന്ന അരിവാളെടുത്ത് ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു.
സംഭവത്തില്‍ മനീഷ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം സംഭവം മൂടിവെക്കാൻ ഹനീഫ് തന്നെ പോലീസിനെ വിളിച്ചുവരുത്തി.എന്നാല്‍ അഞ്ച് വയസുള്ള മകൻ പോലീസിന് നല്‍കിയ ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
.jpg)

