11 കാരി നേരിട്ടത് ക്രൂര പീഡനം, തലയ്‌ക്കേറ്റ പരിക്ക് മരണ കാരണം, സ്വകാര്യ ഭാഗങ്ങളില്‍ മാരക പരിക്ക് ; പശ്ചിമ ബംഗാളില്‍ കൊല്ലപ്പെട്ട 11 കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനടക്കം കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.
പശ്ചിമ ബംഗാളിലെ ബാരുപൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പതിനൊന്ന് വയസുകാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതിക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണെന്നാണ് കണ്ടെത്തല്‍. വെള്ളത്തില്‍ വീണ ശേഷമാണ് കുട്ടി മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനടക്കം കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.
പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് തലയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്നുണ്ടായ അമിത രക്തസ്രാവവും മുങ്ങിമരണവുമാണ് പെണ്‍കുട്ടിയുടെ മരണകാരണമെന്ന് വ്യക്തമാക്കുന്നത്. ചാക്കില്‍ കെട്ടിയ നിലയില്‍ കുളത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സ്വകാര്യ ഭാഗങ്ങളില്‍ മാരകമായി പരിക്കേറ്റതായും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ കടിച്ചു കീറിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
നഖം കൊണ്ടുള്ള പാടുകളും ശരീരത്തിലുണ്ടന്ന് കണ്ടത്തിയതിനാല്‍ അതിക്രൂര പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് നിഗമനം. പീഡനത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ തലയില്‍ ആയുധം കൊണ്ട് അടിക്കുകയോ കഠിനമായ പ്രതലത്തില്‍ തല ഇടിക്കുകയോ ചെയ്തതിന്റെ തെളിവുകളും പൊലീസിന് കിട്ടി. പെണ്‍കുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തിയതിനാല്‍ കുളത്തിലേക്ക് എറിയുമ്പോള്‍ പെണ്‍കുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
ശനിയാഴ്ച്ചയാണ് കൂട്ടുകാരിക്ക് ജന്മദിന സമ്മാനം വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിനിടയാണ് ഞായറാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ പ്രദേശത്ത് നിന്ന് നാട്ടുകാര്‍ പിടികൂടിയത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂര്യപുര്‍ ഹാട്ട് പ്രദേശത്തെ ഒരു കുളത്തിനടുത്തുനിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെടുത്തു. പ്രകോപിതരായ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ വളഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ പിന്നീട് മരിച്ചു.
കേസില്‍ മുഖ്യപ്രതി അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു കിട്ടി. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
.jpg)

