ടൈംസ് ഹയർ എജ്യുക്കേഷന്റെ 'വേൾഡ് 100' ഗ്ലോബൽ നെറ്റ്‌വർക്കിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ സർവകലാശാലയായി അമൃത വിശ്വവിദ്യാപീഠം

Amrita Vishwavidyapatham becomes the first Indian university to be included in Times Higher Education's 'World 100' global network

വിയന്ന: ടൈംസ് ഹയർ എജ്യുക്കേഷന്റെ പ്രശസ്തമായ വേൾഡ് 100 റെപ്യൂട്ടേഷൻ നെറ്റ്‌വർക്കിൽ അംഗത്വം നേടുന്ന ഇന്ത്യയിലെ ആദ്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി അമൃത വിശ്വവിദ്യാപീഠം. ലോകമെമ്പാടുമുള്ള പ്രമുഖ സർവകലാശാലകളിലെ ബ്രാൻഡ്, കമ്മ്യൂണിക്കേഷൻസ്, റാങ്കിംഗ് വിഭാഗം തലവന്മാരെയും പ്രമുഖരെയും ഏകോപിപ്പിക്കുന്ന ആഗോള കൂട്ടായ്മയാണ് വേൾഡ് 100. വിദ്യാഭ്യാസവും ഗവേഷണവും സാമൂഹിക നന്മയ്ക്കായി വിനിയോഗിക്കുന്നതിൽ അമൃത പുലർത്തുന്ന മികവാണ് ഈ ആഗോള അംഗീകാരത്തിന് വഴിയൊരുക്കിയത്. ടൈംസ് ഹയർ എജ്യുക്കേഷൻ സസ്റ്റെയിനബിലിറ്റി ഇംപാക്ട് റാങ്കിംഗിൽ അമൃത ആഗോളതലത്തിൽ 37-ാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നെറ്റ്‌വർക്കിലേക്കുള്ള അമൃതയുടെ വരവ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിർണായക നാഴികക്കല്ലാണെന്ന് ടൈംസ് ഹയർ എജ്യുക്കേഷൻ ചീഫ് ഗ്ലോബൽ അഫയേഴ്‌സ് ഓഫീസറും സി ഒ ഒ യുമായ ഫിൽ ബാറ്റി വ്യക്തമാക്കി. 

ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിൽ നടന്ന ഡബ്ല്യു 100 വാർഷിക കോൺഫറൻസിൽ അമൃതയെ പ്രതിനിധീകരിച്ച് പ്രോ വൈസ് ചാൻസലർ ഡോ. മനീഷ വിനോദിനി രമേഷ്, ബെംഗളൂരു ക്യാമ്പസ് ഡയറക്ടറും സ്കൂൾ ഓഫ് ബിസിനസ്സ് ഡീനുമായ പ്രൊഫ. പി മനോജ്, സെന്റർ ഫോർ അഡ്വാൻസിംഗ് റാങ്കിംഗ്സ് എക്‌സലൻസ് ഡയറക്ടറും ബിസിനസ് സ്കൂൾ ഡീനുമായ പ്രൊഫ. രഘു രാമൻ എന്നിവർ  ചടങ്ങിൽ സംബന്ധിച്ചു. സർവകലാശാലകളുടെ പ്രവർത്തനങ്ങൾ എങ്ങനെ സമൂഹത്തിന് ഉപകാര പ്രദമാക്കാമെന്നും, ഇത്തരം നേട്ടങ്ങൾ കേവലം പരസ്യ പ്രചാരണത്തിനപ്പുറം സുതാര്യമായി പൊതുസമൂഹത്തിന് മുന്നിൽ എങ്ങനെ അവതരിപ്പിക്കാമെന്നും സമ്മേളനത്തിൽ ചർച്ച ചെയ്തു. ലോകത്തെ മുൻ നിര സർവകലാശാലകളുമായി ആശയവിനിമയം നടത്താനും ഗവേഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ അനുഭവങ്ങൾ പങ്കുവെക്കാനും ഈ അംഗത്വം അമൃതയ്ക്ക് സഹായകരമാകും.
 

Tags