'കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഒരാളെയും വെറുതെവിടില്ല' : അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ പ്രതികരണവുമായി അമിത് ഷാ

amit shah

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഒരാളെയും വെറുതെവിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളിൽ രണ്ടെണ്ണം ഒഴികെയുള്ളതെല്ലാം യു.പി.എ കാലത്ത് രജിസ്റ്റർ ചെയ്തതാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ 'ഇന്ത്യാ ടുഡേ കോൺക്ലേവി'ൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. 'അദാനിയുടെ വിഷയം അന്വേഷിക്കാൻ റിട്ട. ജഡ്ജിമാരുടെ രണ്ടംഗ മസിതിയെ സുപ്രിംകോടതി രൂപീകരിച്ചിട്ടുണ്ട്. തെളിവുള്ളവരൊക്കെ അവിടെപ്പോയി സമർപ്പിക്കട്ടെ. തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ഒരാളെയും വെറുതെവിടരുത്. നീതിന്യായ സംവിധാനത്തിൽ എല്ലാവരും വിശ്വാസമർപ്പിക്കണം'-അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അമിത് ഷാ പറഞ്ഞു. അതിന് അധികം ആയുസുണ്ടാകില്ല. മറ്റ് അന്വേഷണത്തിനു സമാന്തരമായി അന്വേഷണം തുടരാൻ സെബിയോട് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്തിയ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്ന് സെബി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന ചോദ്യത്തോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു: 'അവർക്ക് കോടതിയിൽ പോകാമല്ലോ! ആരെങ്കിലും തടയുന്നുണ്ടോ? ഞങ്ങളെക്കാളും മികച്ച അഭിഭാഷകർ അവർക്കുണ്ട്. കേന്ദ്ര ഏജൻസികളെല്ലാം നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നത്. നിയമം പാലിക്കണമെന്നാണ് എല്ലാവരോടും പറയാനുള്ളത്. അതുമാത്രമാണ് മാർഗം.'

കോടതിയിൽ പോകുന്നതിനു പകരം പുറത്ത് ബഹളംവയ്ക്കുന്നത് എന്തിനാണ്? ഒരാൾക്കെതിരെ അഴിമതി ആരോപണം ഉയർന്നാൽ അന്വേഷണം വേണ്ടേ? ഈ പറയുന്ന കേസുകളിൽ രണ്ടെണ്ണം ഒഴികെയുള്ളതെല്ലാം അവരുടെ ഭരണകാലത്ത് രജിസ്റ്റർ ചെയ്തതാണ്.'-അമിത് ഷാ കൂട്ടിച്ചേർത്തു.

‘2017-ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരു വലിയ വനിതാ നേതാവ് അഴിമതിയിൽ ഏർപ്പെട്ടിരുന്നെങ്കിൽ എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ല എന്ന് പറഞ്ഞിരുന്നു. അവർ ഞങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു. ഇപ്പോൾ അവർക്കെതിരേ നടപടിയുണ്ടായപ്പോൾ വലിയ ബഹളമാണ്’. അന്വേഷണ ഏജൻസികൾ കോടതിക്ക് മുകളിലല്ലെന്നും ഏത് നോട്ടീസും എഫ്‌.ഐ.ആറും കുറ്റപത്രവും കോടതിയിൽ ചോദ്യം ചെയ്യാമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ 10 വർഷത്തെ ഭരണകാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് സ്ഥിതിഗതികൾ ശാന്തമാക്കാൻ സർക്കാർ സി.ബി.ഐ മുഖേന കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുണ്ടെങ്കിൽ അത് അന്വേഷിക്കാൻ ഇഡി ബാധ്യസ്ഥരാണെന്നും അമിത് ഷാ പറഞ്ഞു.

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിൻ, ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിത, ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവരുൾപ്പെടെ നിരവധി നേതാക്കൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണത്തിലാണ്.

Share this story