ലോക്‌സഭയിലെ മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാകുമെന്ന ആരോപണങ്ങൾ തള്ളി അമിത് ഷാ
ന്യൂഡൽഹി: ലോക്‌സഭയിലെ മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാകുമെന്ന ആരോപണങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ കുറവ് ഉണ്ടാകില്ലെന്ന ഉറപ്പ് നൽകിയിരിക്കുകയാണ് അമിത് ഷാ.
വനിത സംവരണ ബിൽ ഭേദഗതി പാസായശേഷം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ എം.പിമാരുടെ ആകെ എണ്ണം 129ൽ നിന്ന് 195 ആയി ഉയരുമെന്നും അമിത് ഷാ പറഞ്ഞു. ലോക്സഭയിലാണ് അമിത് ഷാ ഇക്കാര്യത്തിൽ വിശദീകരണം നൽകിൽകിയത്.
ദക്ഷിണേന്ത്യയിലെ നിലവിലെ 23.76 എന്ന അനുപാതം 23.87 ആയി ഉയരും. തമിഴ്നാട്ടിലെ എം പിമാരുടെ എണ്ണം 39 ൽ നിന്ന് 59 ആകും. കേരളത്തിൽ ഇത് ഇരുപതിൽ നിന്ന് മുപ്പതാകും. ലോക്സഭയിൽ കേരളത്തിന്‍റെ അനുപാതം 3.68 എന്നത് 3.67 എന്നായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി. നിലവിൽ 28 എം.പിമാരുള്ള കർണാടകയിൽ 42 ആയി വർധിക്കും. ആന്ധ്രപ്രദേശിൽ 25ൽ നിന്നും 38 ആയി ഉയരും. തെലങ്കാനയിൽ നിലവിലുളള 17ൽ നിന്നും 26 ആയി മാറും.
ഇങ്ങനെ മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടാകുമെന്ന് തെളിയിക്കുന്ന കണക്കുകളാണ് അമിത് ഷാ വിശദീകരിച്ചത്. 850 എന്ന കണക്ക് എവിടെ നിന്ന് വന്നുവെന്ന് അമിത് ഷാ ചോദിച്ചു. 100 സീറ്റുകളുണ്ടെങ്കിൽ, 33 ശതമാനം സംവരണം സ്ത്രീകൾക്ക് നൽകണം, മൊത്തം സീറ്റുകൾ 50 ശതമാനം വർധിപ്പിച്ചാൽ അത് 150 ആകും. 150 ന്റെ 33 ശതമാനം സംവരണം പ്രയോഗിക്കുമ്പോൾ, 100 ജനറൽ സീറ്റുകളിലേക്ക് തന്നെ തിരിച്ചെത്തുമെന്നും അമിത് ഷാ പറഞ്ഞു.
ലോക്സഭയിൽ നിലവിൽ 543 അംഗങ്ങളുണ്ട്. സീറ്റുകളിൽ 50 ശതമാനം വർധനവുണ്ടാകും, 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുമ്പോൾ, 543 സീറ്റുകളും തുറന്നുകിടക്കും, അവിടെ സ്ത്രീകൾക്കും മത്സരിക്കാം. അങ്ങനെയാണ് ഈ 50 ശതമാനം വരുന്നത്. 850 എന്നത് ഒരു ഏകദേശ കണക്കാണ്, കൃത്യമായ സംഖ്യ 816 ആയിരിക്കുമെന്നും അമിത് ഷാ. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളെയും പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു അമിത് ഷായുടെ മറുപടി.
.jpg)

