പാസ്‌പോർട്ടില്ലാതെ ഇന്ത്യയിൽ കഴിഞ്ഞത് ഏഴ് മാസം ; അതിർത്തി കടക്കാൻ ശ്രമിച്ച അമേരിക്കൻ പൗരൻ പിടിയിൽ
മഹാരാജ്‌ഗഞ്ച് (ഉത്തർപ്രദേശ്): ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ രേഖകളില്ലാതെ നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പൗരനെ സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി) അറസ്റ്റ് ചെയ്തു. ജോർദാൻ ബ്രൗൺ (36) എന്നയാളാണ് പിടിയിലായത്. കാലിഫോർണിയ സ്വദേശിയാണെന്ന് അവകാശപ്പെടുന്ന ഇയാൾ യു.എസ് നേവിയിലും സ്പെഷ്യൽ ഫോഴ്സിലും സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് പൊലീസിനോട് പറഞ്ഞു.
ശനിയാഴ്ച ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലെ സോനൗലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മെയ്‌നിഹ്‌വ മേഖലയിലാണ് സംഭവം. അതിർത്തിയിലെ 516ാം നമ്പർ പില്ലറിന് സമീപം പട്രോളിങ് നടത്തുകയായിരുന്ന എസ്.എസ്.ബിയുടെ 22ാം ബറ്റാലിയൻ സംഘം ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ കൈവശം യാത്രാരേഖകളോ തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ല. പിടിക്കപ്പെട്ട ഉടൻ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.
ചോദ്യം ചെയ്യലിൽ ഇയാൾ നൽകിയ മൊഴി പൊലീസ് പരിശോധിച്ചുവരികയാണ്. തായ്‌ലൻഡിലെ വിനോദയാത്രക്കിടെ തന്റെ പാസ്‌പോർട്ട് നഷ്ടപ്പെട്ടതായാണ് ഇയാൾ പറയുന്നത്. തുടർന്ന് കടൽമാർഗം ശ്രീലങ്കയിലെത്തുകയും അവിടെനിന്ന് 2025 നവംബർ രണ്ടിന് കടൽമാർഗം തന്നെ ഇന്ത്യയിൽ പ്രവേശിക്കുകയുമായിരുന്നു. അന്നുമുതൽ ഏഴ് മാസത്തോളം ഗോവയിൽ താമസിച്ചുവരികയായിരുന്നു. ഗോവയിൽനിന്ന് ബംഗളൂരുവിലെത്തി, അവിടെനിന്നാണ് ഇയാൾ നേപ്പാൾ അതിർത്തിയിലെത്തിയതെന്ന് മഹാരാജ്‌ഗഞ്ച് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സിദ്ധാർത്ഥ് അറിയിച്ചു.
ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും 31,460 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം സോനൗലി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എസ്.എസ്.ബി അസിസ്റ്റന്റ് കമാൻഡന്റ് പ്രിയ യാദവ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.
.jpg)

