സൈനികന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

up

അയോധ്യ-സുല്‍ത്താന്‍പുര്‍ അതിര്‍ത്തിക്ക് സമീപമുള്ള ഹാലിയാപ്പുര്‍ മേഖലയിലാണ് അപകടമുണ്ടായത്.

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍നിന്ന് ഉത്തര്‍പ്രദേശിലെ ദിയോറിയയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം അന്തരിച്ച സുബേദാര്‍ മേജര്‍ സത്യവാന്റെ മൃതദേഹവും വഹിച്ചായിരുന്നു ആംബുലന്‍സ് യാത്ര. സൈനികന്റെ മകന്‍, സഹോദരന്‍, അനന്തരവന്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ എട്ട് മണിയോടെ അയോധ്യ-സുല്‍ത്താന്‍പുര്‍ അതിര്‍ത്തിക്ക് സമീപമുള്ള ഹാലിയാപ്പുര്‍ മേഖലയിലാണ് അപകടമുണ്ടായത്. സൈനികന്റെ മകന്‍ ഗൗരവ് സിങ് (28), സഹോദരന്‍ രാജന്‍ ചൗധരി (35), അനന്തരവന്‍ റാം സമുജ് സിങ് (40), ആംബുലന്‍സ് ഡ്രൈവര്‍ ജസ്പാല്‍ (30) എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നു. ഗൗരവ് സിങും ഡ്രൈവര്‍ ജസ്പാലും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജന്‍ ചൗധരി, റാം സമുജ് സിങ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയിട്ടുണ്ട്. സൈനികന്റെ മൃതദേഹം തുടര്‍നടപടികള്‍ പൂര്‍ത്തിയാകും വരെ ഹാലിയാപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags