സർക്കാരിനെ അട്ടിമറിക്കാൻ എം.എൽ.എ.മാർക്ക് കോടികൾ വാഗ്ദാനം ചെയ്തെന്ന ആരോപണം; ഒമർ അബ്ദുള്ളയ്ക്ക് ബി.ജെ.പി.യുടെ 100 കോടിയുടെ മാനനഷ്ട നോട്ടീസ്

omar

 ശ്രീനഗർ: ജമ്മു-കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ നാഷണൽ കോൺഫറൻസ് (എൻ.സി.) എം.എൽ.എ.മാർക്ക് കോടികൾ വാഗ്ദാനം ചെയ്തുവെന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ആരോപണത്തിന് പിന്നാലെ, അദ്ദേഹത്തിന് 100 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച് ബി.ജെ.പി. ഏഴു ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്നും, അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ ബി.ജെ.പി. മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞയാഴ്ച ഹസ്രത്ബാലിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ഒമർ അബ്ദുള്ള ബി.ജെ.പി.ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. എൻ.സി. എം.എൽ.എ.മാരെ പാർട്ടി മാറാൻ പ്രേരിപ്പിക്കുന്നതിനായി ബി.ജെ.പി. 20 മുതൽ 30 കോടി രൂപ വരെയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു മുതിർന്ന ബി.ജെ.പി. നേതാവാണ് ഈ ഗൂഢനീക്കങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ബി.ജെ.പി.യുടെ മാനനഷ്ട നോട്ടീസിനെ അതീവ പരിഹാസത്തോടെയാണ് ഒമർ അബ്ദുള്ള സ്വീകരിച്ചത്. തനിക്ക് ലഭിച്ച നോട്ടീസിനെ ഒരു ‘പ്രേമലേഖനം’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ബി.ജെ.പി.യെപ്പോലൊരു പാർട്ടിയുടെ നോട്ടീസ് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് വ്യക്തമാക്കി. ജമ്മു-കശ്മീരിലെ ബി.ജെ.പി.ക്ക് അവഗണിക്കാനാവാത്ത രാഷ്ട്രീയശക്തിയാണ് താനെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പരിഹസിച്ചു.”രാഷ്ട്രീയ പ്രസ്താവനകൾക്ക് രാഷ്ട്രീയമായ മറുപടിയാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ, ബി.ജെ.പി. എപ്പോഴും കോടതികൾക്ക് പിന്നിൽ ഒളിച്ചോടാനാണ് ശ്രമിക്കുന്നത്,” ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.

Tags