‘മോചിതനായാല്‍ ഇരയെ വിവാഹം കഴിക്കണം’ ; ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

court
court

ലഖ്‌നൗ: ബലാത്സംഗ കേസിലെ പ്രതിക്ക് വിചിത്രമായ വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. മോചിതനായാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇരയെ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

പ്രതിക്കെതിരെ നേരത്തെ ക്രിമിനല്‍ കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാലാണ് നിര്‍ദ്ദേശമെന്ന് കോടതി വ്യക്തമാക്കി. വിവാഹത്തെ ജാമ്യത്തിനുള്ള വ്യവസ്ഥകളില്‍ ഒന്നാക്കി ബെഞ്ച് നിര്‍ദേശിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷന്‍ പഹല്‍, പ്രതിക്ക് ജാമ്യം നിഷേധിക്കാന്‍ ആവശ്യമായ ഒരു തെളിവും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി.

പ്രതിയായ നരേഷ് മീണ എന്ന നര്‍സാറാം മീണ, ഉത്തര്‍പ്രദേശ് പൊലീസില്‍ ജോലി നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി 26 കാരിയായ പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. മീണ ഇരയില്‍ നിന്ന് 9 ലക്ഷം രൂപ കൈക്കലാക്കിയെന്നും ഇരയുടെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആഗ്ര പൊലീസ് കേസെടുത്ത് മീണയെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 (ബലാത്സംഗം), സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണി), ഐടി ആക്ടിലെ സെക്ഷന്‍ 67 എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാല്‍, പ്രതി കുറ്റം നിഷേധിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാല് മാസത്തെ കാലതാമസം ഉണ്ടായതായും പ്രതി കോടതിയില്‍ പറഞ്ഞു.

പ്രതിക്കെതിരെ മുമ്പ് ക്രിമിനല്‍ കേസുകളുടെ ചരിത്രമൊന്നുമില്ലെന്ന് കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇരയെ ഭാര്യ എന്ന നിലയില്‍ പരിപാലിക്കാന്‍ തയ്യാറാണെന്ന് പ്രതി കോടതിയെ അറിയിച്ചു. ഉത്തരവ് പാസാക്കിയ ബെഞ്ച്, ജയിലില്‍ നിന്ന് മോചിതനായതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷകന്‍ ഇരയെ വിവാഹം കഴിക്കണമെന്ന് ഉത്തരവിട്ടു.

Tags