അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവച്ചു

supreme court

ദില്ലി : അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കോടതി വളപ്പിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് അലഹബാദ് ഹൈക്കോടതി 2017-ല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വഖഫ് മസ്ജിദും യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. മൂന്ന് മാസത്തിനുള്ളില്‍ മസ്ജിദ് നീക്കം ചെയ്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. മസ്ജിദ് നീക്കം ചെയ്യുന്നതിന് പകരമായി മറ്റൊരു ഭൂമി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 

ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവരാണ് കേസിൽ വാദം കേട്ടത്. സർക്കാർ ലീസിന് നൽകിയ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 2002 ൽ തന്നെ ഈ ലീസ് അനുമതി സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നു. 2004 ൽ ഹൈക്കോടതി വികസനത്തിനാണ് പള്ളിയുൾപ്പെട്ട ഈ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. 1861 ൽ പണികഴിപ്പിക്കപ്പെട്ടതാണ് പള്ളിയെന്നും അന്ന് തൊട്ട് മുസ്ലിങ്ങളായ അഭിഭാഷകരും ക്ലർകുമാരും മറ്റും നമസ്കാരത്തിനായി ഈ പള്ളിയെ ആശ്രയിക്കുന്നുണ്ടെന്നും കേസിൽ വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. പിൽക്കാലത്ത് പൊതുജനത്തിന് കൂടി പ്രാർത്ഥിക്കാവുന്ന വിധത്തിൽ പുതിയ പള്ളി നിർമ്മിക്കപ്പെട്ടു. 1988 ൽ 30 വർഷത്തേക്ക് ലീസ് കരാർ ഒപ്പുവെച്ചിരുന്നു. 2000 ത്തിൽ ലീസ് റദ്ദാക്കിയ ശേഷവും പള്ളിയിൽ നമസ്കാരം തുടർന്നുവന്നിരുന്നുവെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. പള്ളി കോടതിക്ക് മുന്നിലുള്ള റോഡിന് പുറത്താണ് ഉള്ളതെന്നും കപിൽ സിബൽ വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളൊന്നും സുപ്രീം കോടതി മുഖവിലക്ക് എടുത്തു.

Share this story