ഇരട്ട പൗരത്വക്കേസ് : രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ്
കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു.
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണങ്ങളില്‍ പരിശോധന ആവശ്യമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും അല്ലെങ്കില്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നും ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് നിര്‍ദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു.
ബിജെപി പ്രവര്‍ത്തകനായ എസ് വിഗ്‌നേഷ് ശിശിര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിഗ്‌നേഷിന്റെ അപേക്ഷ കീഴ്‌ക്കോടതി നേരത്തെ തള്ളിയിരുന്നു. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി അന്ന് അപേക്ഷ നിരസിച്ചത്.
ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള ആശങ്കകള്‍ കണക്കിലെടുത്ത ഹൈക്കോടതി, ഈ വിഷയത്തില്‍ കൃത്യമായ സ്ഥിരീകരണം ആവശ്യമാണെന്ന് വ്യക്തമാക്കി.
.jpg)

