മുഹമ്മദ് അലി ജൗഹർ സർവകലാശാല കെട്ടിടം പൊളിക്കലിനെതിരായ ഹരജി തള്ളി അലഹബാദ് ഹൈകോടതി
പ്രയാഗ്‌രാജ് : മുഹമ്മദ് അലി ജൗഹർ സർവകലാശാല കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ വ്യവസായി നൽകിയ ഹരജി അലഹബാദ് ഹൈകോടതി തള്ളി. ഹരജിക്കാരൻ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.വിഷയത്തിൽ, ഹരജി നിലനിൽക്കുമോ എന്നതിൽ അഡീഷനൽ അഡ്വക്കറ്റ് ജനറൽ അനുപം ത്രിവേദി പ്രാഥമിക എതിർപ്പ് ഉന്നയിച്ചു.
‘വ്യവസായിയായ മുഹമ്മദ് യൂസഫാണ് ഈ റിട്ട് ഹരജിയിൽ സത്യവാങ്മൂലം നൽകിയത്; മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ പ്രതിനിധി ആയിട്ടാണ് നിയമിച്ചത്. സർവകലാശാലയെ എപ്പോഴും അതിന്റെ രജിസ്ട്രാറോ അല്ലെങ്കിൽ ഉദ്യോഗസ്ഥനോ ആണ് പ്രതിനിധീകരിക്കുക. സർവകലാശാലക്കുവേണ്ടി പുറത്തുനിന്നുള്ള ഒരാൾക്ക് കോടതിയെ സമീപിക്കാനാവില്ലെന്ന് എ.എ.ജി വാദിച്ചു.
ഹരജി നിലനിൽക്കുമോ എന്നതിനെക്കുറിച്ചുള്ള പ്രാഥമിക എതിർപ്പിനെത്തുടർന്ന്, തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് സൗരഭ് ശ്യാം ഷംഷേരി വിഷയം കേൾക്കാൻ വിസമ്മതിച്ചു. അതേസമയം, സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ സ്ഥാപിച്ച സർവകലാശാലക്ക് മൊറാദാബാദ് ഡിവിഷനൽ കമീഷണറുടെ കോടതി ഇടക്കാല ആശ്വാസം നൽകി. കേസിൽ അന്തിമ വാദം കേൾക്കുംവരെ കാമ്പസിലെ 38 കെട്ടിടങ്ങൾ പൊളിക്കുന്നതുതടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചു. സർവകലാശാല അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് ഇടക്കാല സ്റ്റേ അനുവദിച്ചതെന്ന് ഡിവിഷനൽ കമീഷണർ അഞ്ജനേയ കുമാർ സിങ് പറഞ്ഞു.
.jpg)

