ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെയ്ക്കണം; അഴിമതികള്‍ പരിശോധിച്ചിട്ട് മാത്രം അനുമതി; സിദ്ധരാമയ്യ

കര്‍ണാടകയില്‍ ബസവരാജ ബൊമ്മ സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതികള്‍ വീണ്ടും പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമുള്ള സിദ്ധരാമയ്യയുടെ ആദ്യ തീരുമാനങ്ങളിലൊന്നാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിരിക്കുന്നത്.
ബിജെപി അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയും അംഗീകാരവുമില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിയമസഭാംഗങ്ങളും ജനങ്ങളും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയുടെ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ചില പദ്ധതികളില്‍ വര്‍ക്ക് ഓര്‍ഡറുകള്‍ ഇല്ലാതെ പണം നല്‍കിയെന്നും കണ്ടെത്തിയിരുന്നു. എല്ലാ പദ്ധതികളിലും അവലോകനം നടത്തിയതിന് ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാവുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.