വാരാണസി നഗരത്തിനുള്ളിലെ എല്ലാ മത്സ്യ -മാംസ കച്ചവടം നിർത്തലാക്കും

varanasi

ദൈന്യദിന ആവശ്യത്തിനായി പ്രദേശവാസികള്‍ക്ക് നഗരത്തിന് പുറത്തേക്ക് പോകേണ്ടി വരുന്നത് സമയവും പണവും അധികമായി ചെലവഴിക്കേണ്ട അവസ്ഥയിലെത്തിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്

വാരണാസി: വാരാണസി നഗരത്തിനുള്ളിലെ എല്ലാ മത്സ്യ -മാംസ കച്ചവടം നിർത്തലാക്കാൻ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ തീരുമാനം. നഗരത്തിന് പുറത്തേക്ക് ഇത്തരം കച്ചവടസ്ഥാപനങ്ങള്‍ മാറ്റിസ്ഥാപിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നഗര പരിപാലനം, ശുചീകരണം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഈ തീരുമാനം എന്നാണ് വിശദീകരണം. ശനിയാഴ്ച നടന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ യോഗത്തിലാണ് ഈ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചത്. മേയര്‍ അശോക് തിവാരി അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം.

വാരാണസിയില്‍ ലക്ഷകണക്കിന് സഞ്ചാരികള്‍ എത്തുന്നതിനാല്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃതമായ കച്ചവട സ്ഥാപനങ്ങളാണ് മാറ്റി സ്ഥാപിക്കുന്നതെന്നാണ് മേയര്‍ അശോക് കുമാര്‍ തിവാരി പറയുന്നത്. ആറു മാസത്തിനുള്ളില്‍ എല്ലാ മാറ്റുമെന്നും മേയര്‍ വ്യക്തമാക്കി

പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ നഗരത്തിന് പുറത്തുള്ള അതിര്‍ത്തികളില്‍ തന്നെയാണ് സ്ഥലം നിശ്ചയിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നുണ്ട്. രാംനഗര്‍, സുജാബാദ്, ഗണേഷ്പൂര്‍, അവലേഷ്പൂര്‍, ശിവപൂര്‍ എന്നിവിടങ്ങളിലേക്കാകും മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കുക.

നഗരപരിധിയില്‍ നിലവില്‍ നാനൂറോളം മത്സ്യ മാംസ കച്ചവട സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പ് തന്നെ ഇത്തരം ഒരു നിര്‍ദേശം വന്നെങ്കിലും പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാനുള്ള നടപടികള്‍ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

ദൈന്യദിന ആവശ്യത്തിനായി പ്രദേശവാസികള്‍ക്ക് നഗരത്തിന് പുറത്തേക്ക് പോകേണ്ടി വരുന്നത് സമയവും പണവും അധികമായി ചെലവഴിക്കേണ്ട അവസ്ഥയിലെത്തിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന തീരുമാനം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്

Tags